എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ ബഹളം; പ്രസംഗിക്കുന്നതിനിടെ ബേബി ജോണിനെ തളളിയിട്ടു

ത്യശ്ശൂർ: എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ ബഹളം. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ മുതിർന്ന സിപിഎം നേതാവ് ബേബി ജോണിനെ വേദിയിൽ കയറി ഒരു വ്യക്തി തള്ളിതാഴെയിട്ടു. പിന്നാലെ റെഡ് വോളൻറിയർമാർ ബേബിജോണിനെ തള്ളി താഴെയിട്ടയാളെ വേദിയിൽ നിന്ന് പിടിച്ച് മാറ്റുകയായിരുന്നു. തേക്കിൻകാട് മൈതാനിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് സംഭവം.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ച് മടങ്ങിയതിന് ശേഷം ബേബി ജോൺ പ്രവർത്തകരോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവാവ് വേദിയിൽ കയറി മുൻനിരയിൽ തന്നെ ഇരിപ്പുറപ്പിക്കുകയായിരുന്നു. മന്ത്രി വി.എസ് സുനിൽകുമാർ അടക്കമുള്ളവർ വേദിയിൽ നിന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ട് പ്രവർത്തകരെ അനുനയിപ്പിക്കുന്നതും കാണാം. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.

വേദിയിലേക്ക് കയറി ബേബി ജോണിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചയാളെ സംബന്ധിച്ചും വ്യകതത വന്നിട്ടില്ല. ഗുരുവായൂരിൽ ആദ്യം സ്ഥാനാർഥിയായി സി.പി.എം നിശ്ചയിച്ചിരുന്നത് മുതിർന്ന നേതാവ് ബേബി ജോണിനെ ആയിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് ബേബി ജോൺ. എന്നാൽ ഇദ്ദേഹത്തിൻ്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി പ്രാദേശിക തലത്തിൽ തന്നെ എതിർപ്പുയർന്നിരുന്നു. പിന്നീട് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് ആണ് ബേബി ജോണിൻ്റെ പേര് മാറ്റുന്നത് സംബന്ധിച്ച നിർദ്ദേശം മുന്നോട്ട് വച്ചത്.