കൊച്ചി: സ്പൈസ് ജെറ്റിന്‍റെയും ഖത്തർ എയർവേഴ്സിന്റെയും വിമാനങ്ങൾ കഴിഞ്ഞ വർഷം ഓഗസ്റ്റ് 28ന് കൊച്ചിക്ക് മുകളിൽ കൂട്ടിയിടിയിൽനിന്ന് ഒഴിവായത് 30 സെക്കൻഡുകളുടെ വ്യത്യാസത്തിലായിരുന്നുവെന്ന് സംഭവം അന്വേഷിച്ച എയര്‍ക്രാഫ്റ്റ് ആക്‌സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ട്. ഇതു സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിച്ചു.
സംഭവത്തിന്‍റെ പൂർണ ഉത്തരവാദിത്തം സ്‌പൈസ്‌ജെറ്റ് പൈലറ്റുമാർക്കാണെന്നാണ് റിപ്പോർട്ടിൽ പറയുന്നതെന്ന് മലയാളി മാധ്യമ പ്രവർത്തകനും ഏവിയേഷൻ അനലിസ്റ്റുമായ ജേക്കബ് കെ. ഫിലിപ്പ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
2020 ഓഗസ്റ്റ് 28 ന് വൈകുന്നേരം നാലേകാലോടെ കൊച്ചി വിമാനത്താവളത്തിന് നാലായിരമടി മീതെ രണ്ടുയാത്രാവിമാനങ്ങൾ തമ്മിൽ കൂട്ടിയിടിയിൽ നിന്ന് ഒഴിവായത് ഏകദേശം 30 സെക്കൻഡുകളുടെ വ്യത്യാസത്തിലായിരുന്നു.
കരിപ്പൂരിൽ എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനം തകർന്ന് കൃത്യം മൂന്നാഴ്ചയ്ക്കു ശേഷം, കൊച്ചിയിൽ സ്‌പൈസ് ജെറ്റിന്റെ ഫ്‌ളൈറ്റ് നമ്പർ എസ്ഇഎച്ച് 7077 ബാംഗ്ലൂർ-കൊച്ചി ബൊമ്പാർഡിയർ വിമാനവും ഖത്തർ എയർവെയ്‌സിന്റെ ക്യൂടിആർ 7477 ദോഹ-കൊച്ചി എയർബസ് എ-320 വിമാനവും വൻവിപത്തിന്റെ വക്കോളമെത്തിയ സംഭവം അന്വേഷിച്ച് എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചത് ഈ തിങ്കളാഴ്ച.
“ഗുരുതരമായ സംഭവം” എന്ന ഗണത്തിൽപ്പെടുത്തി നടത്തിയ അന്വേഷണത്തിനൊടുവിൽ, എഎഐബിയുടെ കുഞ്ജ് ലതയും അമിത് കുമാറും കണ്ടെത്തിയത് ഇതാണ്-
സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം സ്‌പൈസ്‌ജെറ്റ് പൈലറ്റുമാർക്കാണ്.
കൊച്ചിയിലെ വ്യോമഗതാഗത നിയന്ത്രകന്റെ നിർദ്ദേശങ്ങൾ അനുസരിക്കാതെയും ലാൻഡ് ചെയ്യാൻ വിമാനത്താവളത്തെ സമീപിക്കുമ്പോൾ പറന്നു നിൽക്കേണ്ടിയിരുന്ന ഉയരം മുൻ കൂട്ടി സെറ്റു ചെയ്യാൻ മറന്നും, രണ്ടുവിമാനങ്ങളിലുമായുണ്ടായിരുന്ന ഇരുനൂറിലേറെപ്പേരുടെ ജീവൻ അപകടത്തിലാക്കുകയായിരുന്നു, സ്‌പൈസ്‌ജെറ്റ് വിമാനം പറത്തിയിരുന്നവർ.
2020 ഓഗസ്റ്റ് മാസം 28 ന് വൈകുന്നേരം നാലേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിനു മീതേ രണ്ടു വിമാനങ്ങൾ കൂട്ടിയിടിക്ക് സെക്കൻഡുകൾക്കടുത്തെത്തിയത് ഇങ്ങിനെ –
ബാംഗ്ലൂരിൽ നിന്ന് കൊച്ചിയിലേക്ക് പറന്നടുത്തുകൊണ്ടിരുന്ന സ്‌പൈസ്‌ജെറ്റ് വിമാനം കൊച്ചി അപ്രോച്ച് കൺട്രോളുമായി ബന്ധപ്പെടുന്നത് വൈകുന്നേരം നാലു മണിയാകാൻ ഒരു മിനിറ്റുള്ളപ്പോഴാണ്. പതിന്നാലായിരം അടിയിലേക്ക് താഴാൻ കൺട്രോളർ വിമാനത്തിന് അനുമതി കൊടുത്തു. 20,000 അടിയിൽ നിന്ന് 15,000 അടിയിലേക്ക് താഴുന്നു എന്ന്, ദാഹയിൽ നിന്നു പറന്നെത്തി കൊച്ചിയെ സമീപിക്കുകയായിരുന്ന ഖത്തർ എയർവെയ്‌സ് ഫ്‌ളൈറ്റ് 7077 അപ്രോച്ച് കൺട്രോളിനെ അറിയിക്കുന്നത് മൂന്നു മിനിറ്റിനു ശേഷം. 11,000 അടിയിലേക്ക് താഴാനും റൺവേയിൽ കിഴക്കു നിന്ന് പടിഞ്ഞാറേക്കുള്ള (റൺവേ 27) ഇൻസ്ട്രമെന്റ് ലാൻഡിങ്ങിന് തയ്യാറാകാനും ഖത്തർ എയർവേയ്‌സ് വിമാനത്തോടു പറഞ്ഞ കൺട്രോളർ അതിനു മുമ്പു തന്നെ, റൺവേ 27 ലേക്കു തന്നെ ഐഎൽഎസ് ലാൻഡിങ്ങു നടത്താൻ പതിനായിരം അടിയിലേക്കിറങ്ങണമെന്ന് സ്‌പൈസ് ജെറ്റിനോടു പറഞ്ഞിരുന്നു.
റൺവേയിൽ നിന്ന് 38 മൈൽ അകല സ്‌പൈസ്‌ജെറ്റ് എത്തിയതിനു ശേഷം, നാലു 4.09 ന്, ആറായിരം അടിയിലേക്ക് താഴ്ന്നുകൊള്ളാൻ ഖത്തർ എയർവെയ്‌സിന് കൺട്രോളർ നിർദ്ദേശം കൊടുത്തു. സ്‌പൈസ്‌ജെറ്റിനോട് 5100 അടിയിലെത്താനും ഒപ്പം പറഞ്ഞു. നാലു പതിനൊന്നാകുമ്പോൾ വീണ്ടുംതാഴ്ന്ന് നാലായിരം അടിയിലേക്കു പോകാനും നിർദ്ദേശം നൽകി.
ഇതേസമയം, സ്‌പൈസ്‌ജെറ്റിനു ശേഷം അതേ റൺവേയിലേക്കിറങ്ങാനുള്ള ഊഴം കാത്ത് ആറായിരം അടിയിൽ തന്നെ നിർത്തിയിരിക്കുകയായിരുന്നു ഖത്തർ എയർവെയ്‌സിനെ). നാലു പന്ത്രണ്ടിന്, മൂവായിരം അടിയിലേക്കിറങ്ങാനും, റൺവേ മധ്യരേഖയുടെ നേർക്കാണ് പറക്കുന്നതെന്ന് വ്യക്തമാക്കുന്ന ലോക്കലൈസർ സിഗ്നൽ കിട്ടിയാൽ പറയണമെന്നും പറഞ്ഞ് സ്‌പൈസ്‌ജെറ്റിനെ നിലത്തിറങ്ങിലിലേക്ക് നയിച്ച് ഖത്തർ എയർവെയ്‌സിനോട്, ഇനി അയ്യായിരം അടിയിലേക്കിറങ്ങാം എന്ന് നിർദ്ദേശം നൽകി. നാലേകാലായപ്പോൾ നാലായിരം അടിയിലേക്ക് താഴാനും അനുവദിച്ചു.
സ്‌പൈസ്‌ജെറ്റ് കാര്യങ്ങൾ അവതാളത്തിലാക്കിത്തുടങ്ങിയത് ഇവിടം മുതലാണ്.
ഒന്നാമതായി, മൂവായിരം അടി എന്ന ഉയരം കോക്പിറ്റിൽ സെറ്റുചെയ്യാൻ (ALT SEL) പൈലറ്റുമാർ മറന്നു. വിമാനം മൂവായിരം അടിയും കടന്ന് താഴേക്കു പോവുകയാണല്ലോ എന്നു ശ്രദ്ധിച്ച റഡാർ കൺട്രോളർ അക്കാര്യം അവരെ അറിയിക്കുമ്പോഴേക്ക് വിമാനം 2400 അടിയെത്തിയിരുന്നു. ഒരു സോറിയൊക്കെ പറഞ്ഞ് മൂവായിരത്തിലേക്ക് ഇപ്പോത്തന്നെ കയറുകയാണെന്നറിയിച്ച് സ്‌പൈസ്‌ജെറ്റ് പക്ഷേ മൂവായിരവും കടന്ന് 3634 അടിയിലെത്തി.
അപ്പോഴേക്കും, സമീപത്ത് വേറെ വിമാനമുണ്ട് എന്ന മുന്നറിയിപ്പു നൽകുന്ന ടിസിഎഎസ് ട്രാഫിക് അഡൈ്വസറി സിഗ്നൽ രണ്ടു വിമാനങ്ങളുടേയും കംപ്യൂട്ടർ സംവിധാനം പുറപ്പെടുവിച്ചു കഴിഞ്ഞിരുന്നു. കൂട്ടിയിടിക്ക് 35 മുതൽ 48 സെക്കൻഡ് വരെ സമയമുള്ളപ്പോഴാണ് ഈ മുന്നറിയിപ്പ് കിട്ടുക. നാലേകാൽ കഴിഞ്ഞ് 38 സെക്കൻഡാകുമ്പോൾ 3700 അടിയിലെത്തിയ സ്‌പൈസ്‌ജെറ്റിനോട് ഉടനടി കയറ്റം നിർത്താനും, ഖത്തർ എയർവെയ്‌സിനോട് ആറായിരം അടിയിലേക്ക് പറന്നു കയറാനും കൺട്രോളർ നിർദ്ദേശിച്ചു.
ഇതനിടെ, നാലേകാൽ കഴിഞ്ഞ് നാൽപ്പത്തിയഞ്ചു സെക്കൻഡായപ്പോൾ, രണ്ടുവിമാനങ്ങളുടെ കംപ്യൂട്ടറുകളും പൈലറ്റുമാർക്ക് രണ്ടാത്തേതും അവസാനത്തേതുമായ റസല്യൂഷൻ അഡൈ്വസറി (ഉടൻ മുകളിലേക്കു കയറുകയോ താഴേക്കിറങ്ങുകയോ ചെയ്യണമെന്ന നിർദ്ദേശം) കൊടുത്തു. ആ സമയം സ്‌പൈസ്‌ജെറ്റിന്റെ ഉയരം 4000 അടിയും ഖത്തർ എയർവെയ്‌സിന്റേത് 4498 അടിയും. 498 അടി വ്യത്യാസം.
ടിസിഎഎസ്-ആർഎ മുന്നറിയിപ്പനുസരിച്ച് സ്‌പൈസ് ജെറ്റ് 3512 അടിയിലേക്കു താഴ്ത്തി അപകടം ഒഴിവാകുമ്പോൾ സമയം നാലു മണി പതിനാറു മിനിറ്റും മുപ്പത്തിയഞ്ചു സെക്കൻഡും. അപകടം ഒഴിവായി എന്ന് ഖത്തർ എയർവെയ്‌സ് എട്ടു സെക്കൻഡിനു ശേഷവും അറിയിച്ചു.
അപകടം വഴിമാറിപ്പോകുമ്പോൾ രണ്ടു വിമാനങ്ങളും തമ്മിലുണ്ടായിരുന്ന ഉയരവ്യത്യാസം 498 അടി, ദൂരവ്യത്യാസം 2.39 നോട്ടിക്കൽ മൈൽ അഥവാ 4.43 കിലോമീറ്റർ. കൂട്ടിയിടി നടക്കാൻ ബാക്കിയുണ്ടായിരുന്ന സമയം 30 സെക്കൻഡിൽ താഴെ.