കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവ് സ്കറിയ തോമസ് (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊറോണ ബാധിതനായിരുന്ന അദ്ദേഹം രോഗമുക്തി നേടിയിരുന്നു. നിലവില്‍ കൊറോണാനന്തര ചികിത്സയിലായിരുന്നു. എല്‍ഡിഎഫ് ഘടകക്ഷിയായ കേരള കോൺഗ്രസ് വിഭാഗം ചെയർമാനാണ്. രണ്ടു തവണ ലോക്സഭയിൽ കോട്ടയത്ത് നിന്നും മത്സരിച്ച് വിജയിച്ച സ്കറിയ തോമസ് അവിഭക്ത കേരള കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചിരുന്നു.
1967, 1980 വര്‍ഷങ്ങളിലായിരുന്നു അദ്ദേഹം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കോട്ടയത്ത് നിന്നും മത്സരിച്ച് വിജയിച്ചത്. പിജെ ജോസഫ് വിഭാഗത്തിലൂടെ എല്‍ഡിഎഫില്‍ എത്തി. ജോസഫ് കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ച് യുഡിഎഫിലേക്ക് മടങ്ങിയെങ്കിലും അദ്ദേഹം പിന്നീട് കേരള കോണ്‍ഗ്രസ് ലയന വിരുദ്ധ വിഭാഗം എന്ന ഗ്രൂപ്പ് രൂപീകരിച്ച് എല്‍ഡിഎഫില്‍ തുടരുകയായിരുന്നു.
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ നിന്നും ഇടത് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും മോന്‍സ് ജോസഫിനോട് പരാജയപ്പെടുകയായിരുന്നു. കേരളാ സ്റ്റേറ്റ് എന്റർപ്രൈസസ് ചെയർമാനായിരുന്നു. കെ ടീ സ്കറിയയുടെ മകനായി ജനിച്ച സ്കറിയ തോമസിന് പാത്രിയർക്കീസ് ബാവയിൽ നിന്ന് കമാണ്ടർ പദവി ലഭിച്ചിട്ടുണ്ട്. ഭാര്യ: ലളിത. മക്കൾ: നിർമ്മല, അനിത, കെ ടി സ്കറിയ, ലത