ന്യൂഡെൽഹി: വോട്ടർപട്ടികയും ആധാറുമായി ബന്ധിപ്പിക്കണമെന്ന തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം പരിഗണനയിലാണെന്ന് സർക്കാർ. കൃത്രിമങ്ങളും ഇരട്ടിപ്പും ഒഴിവാക്കാനും ഒരേ വോട്ടറുടെ പേര് പലയിടങ്ങളിൽനിന്ന് ചേർക്കപ്പെടുന്നത് തടയാനുമാണ് കമീഷൻ ഇത്തരമൊരു നിർദേശം വെച്ചതെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ് ലോക്സഭയിലറിയിച്ചു.
വോട്ടർപട്ടികയിലെ വിവരം സംരക്ഷിക്കുന്നതിന് കമീഷൻ ശക്തമായ സംവിധാനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. നിലവിലുള്ള വോട്ടർമാരുടെയും പേര് ചേർക്കാൻ അപേക്ഷിക്കുന്നവരുടെയും ആധാർ നമ്പർ ആവശ്യപ്പെടാൻ കഴിയുംവിധം ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്നും കമീഷൻ 2019ൽ അയച്ച നിർദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തേ ദേശീയ വോട്ടർപട്ടിക പരിശോധന പദ്ധതിയുടെ ഭാഗമായി ആധാർ നമ്പറുകൾ ശേഖരിക്കാൻ കമീഷൻ ശ്രമിച്ചെങ്കിലും 2015ലെ ഒരു വിധിയിലൂടെ സുപ്രീംകോടതി തടഞ്ഞിരുന്നു. അതിനെത്തുടർന്നാണ് നിയമ ഭേദഗതി നിർദേശം അവർ മുന്നോട്ടുവച്ചത്.