അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ച പാക് നുഴഞ്ഞുകയറ്റക്കാരനെ സൈന്യം വധിച്ചു

ശ്രീനഗർ: പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ച പാക് നുഴഞ്ഞുകയറ്റക്കാരനെ അതിർത്തിയിൽ സൈന്യം വധിച്ചു. ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ രാംഗഢ് മേഖലയിലാണ് സംഭവം. ബി എസ് എഫാണ് നുഴഞ്ഞുകയറ്റക്കാരനെ വധിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം.

പാകിസ്ഥാനിലെ ലേറി കലാൻ ഗ്രാമത്തിന് സമീപത്ത് നിന്നും ഇന്ത്യൻ അതിർത്തി കടന്ന് പ്രകോപനപരമായി മുന്നേറാൻ ശ്രമിച്ച നുഴഞ്ഞുകയറ്റക്കാരനെയാണ് സൈന്യം വകവരുത്തിയത്.

ബി എസ് എഫിന്റെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകളെ അവഗണിച്ച് ഇയാൾ രാംഗഢ് മേഖലയ്ക്ക് സമീപമുള്ള മല്ലുച്ചക്ക് പോസ്റ്റിന് നേർക്ക് പാഞ്ഞടുക്കുകയായിരുന്നുവെന്ന് ബി എസ് എഫ് വൃത്തങ്ങൾ അറിയിച്ചു. 200 രൂപയുടെ പാകിസ്ഥാൻ കറൻസി നോട്ടുകൾ ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തു. ഇയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി രാംഗഢ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.