ഇന്ത്യയിൽ അടുത്തതായി നടപ്പാക്കാന്‍ പോകുന്നത് ഏകീകൃത സിവില്‍ കോഡ്: രാജ്‌നാഥ് സിങ്

ലഖ്‌നൗ: രാജ്യത്ത് അടുത്തതായി നടപ്പിലാക്കാന്‍ പോകുന്നത് ഏകീകൃത സിവില്‍ കോഡെന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാമക്ഷേത്രം പൂര്‍ത്തീകരിച്ചതുപോലെ ഇതും നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് തുടങ്ങിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കി. ഇനി അടുത്തത് ഏകീകൃത സിവില്‍ കോഡാണ്’ രാജ്‌നാഥ് സിങ് പറഞ്ഞു.ഒരു മതത്തിനും വിശ്വാസത്തിനും എതിരായിരിക്കില്ല ഏകീകൃത സിവില്‍ കോഡെന്നും തങ്ങളുടെ രാഷ്ട്രീയം മനുഷ്യനും മനുഷ്യത്വത്തിനും വേണ്ടിയുള്ളതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു ഏകീകൃത സിവില്‍ കോഡ്. ഒറ്റ സിവില്‍ കോഡ് വരുന്നതോടെ മുസ്‌ലീം വ്യക്തിനിയമം അടക്കമുള്ള പ്രത്യേക വിഭാഗങ്ങള്‍ക്കുള്ള നിയമ പരിഗണനകള്‍ ഇല്ലാതാകും.

ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ഏകീകൃത സിവില്‍ കോഡ് എന്ന പേരില്‍ ഹിന്ദുത്വനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് വിമര്‍ശനം.