കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമടത്ത് വിജയിച്ചാൽ നിയമസഭയ്ക്ക് അകത്ത് സമരം തുടങ്ങുമെന്നും അല്ലെങ്കിൽ പുറത്ത് സമരം നടത്തുമെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ. വാളയാർ സമര സമിതിയുടെ സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരം. യുഡിഎഫ് സ്വതന്ത്രയാകില്ല. യുഡിഎഫ് പിന്തുണ കിട്ടിയാൽ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
കുടുംബത്തിനൊപ്പം നിൽക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരേ ശബ്ദം ഉയർത്താൻ കിട്ടുന്ന അവസരമാണിത്. മക്കളുടെ നീതിക്കുവേണ്ടിയാണ് പിണറായി വിജയനെതിരേ മത്സരിക്കുന്നതെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.
സംഘപരിവാർ ഒഴികെ ആരുടെയും പിന്തുണ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കിയിരുന്നു. മത്സരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവരെ പിന്തുണയ്ക്കുന്ന കാര്യം ആലോചനയിലാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചിരുന്നു .