സീറ്റ് നിഷേധിച്ചത് സിപിഎമ്മുമായുള്ള ബിജെപി ഡീലിന്റെ ഭാഗം ; ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് കോന്നിയിൽ ബിജെപിക്ക് പ്രത്യുപകാരം; തുറന്നടിച്ച് ആർ ബാലശങ്കർ

പത്തനംതിട്ട: ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് കോന്നിയിൽ ബിജെപിക്ക് പ്രത്യുപകാരം. തനിക്ക് സീറ്റ് നിഷേധിച്ചത് സിപിഎമ്മുമായുള്ള ഈ ബിജെപി ഡീലിന്റെ ഭാഗമായെന്ന് ആർഎസ്എസ് സൈദ്ധാന്തികനും ഓർഗനൈസർ മുൻ പത്രാധിപരുമായ ആർ ബാലശങ്കർ. ചെങ്ങന്നൂരിൽ തനിക്ക് സീറ്റ് നിഷേധിച്ചത് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വികലമായ കാഴ്ചപ്പാട് കാരണമാണ്.

നിലവിലുള്ള നേതൃത്വവുമായാണ് മുന്നോട്ടു പോകുന്നതെങ്കിൽ അടുത്ത 30 കൊല്ലത്തേക്ക് കേരളത്തിൽ ബിജെപിക്ക് ഒരു വിജയസാദ്ധ്യതയുമുണ്ടാവില്ലെന്നും ബാലശങ്കർ തുറന്നടിച്ചു. അമിത് ഷായുടെ സ്വപ്ന പദ്ധതിയെന്ന്
വിശേഷിപ്പിക്കപ്പെടുന്ന സംരംഭത്തിന്റെ (ബിജെപി നേതാക്കൾക്ക് പരിശീലനം നൽകുന്ന വിഭാഗം) ദേശീയ കോ കൺവീനറും ബിജെപി പബ്ലിക്കേഷൻ വിഭാഗം കോ പബ്ലിക്കേഷൻ വിഭാഗം കോ കൺവീനറുമാണ് ആർ ബാലശങ്കർ.

എൻ എസ് എസും എസ്എൻഡിപിയും ക്രിസ്ത്യൻ വിഭാഗവും ഒരു പോലെ എന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചിരുന്നു. എന്തുകൊണ്ടും ബിജെപിക്ക് ഇക്കുറി ജയസാദ്ധ്യതയുള്ള മണ്ഡലമായിരുന്നു ചെങ്ങന്നൂർ. സിപിഎമ്മും ബിജെപിയുമായിട്ടുള്ള ഒരു ഡീൽ ഇതിനു പിന്നിലുണ്ടാവാം.

ചെങ്ങന്നൂരും ആറന്മുളയിലും സി.പി.എമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് പ്രത്യുപകാരം കോന്നിയിൽ എന്നതായിരിക്കാം ഡീൽ എന്നും ആർ ബാലശങ്കർ പറഞ്ഞു. ചെങ്ങന്നൂർ സീറ്റിൽ സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന ബാലശങ്കറിനെ ഒഴിവാക്കി ബിജെപി ജില്ലാ പ്രസിഡന്റ് എംവി.ഗോപകുമാറിനെയാണ് സ്ഥാനാർഥിയാക്കിയത്.

‘ബിജെപിയുടെ 40 എ ക്ലാസ് മണ്ഡലങ്ങളില്‍ രണ്ടെണ്ണമാണ് ആറന്മുളയും ചെങ്ങന്നൂരും. ഈ രണ്ടിടങ്ങളിലെയും വിജയ സാധ്യതയാണ് ഇപ്പോള്‍ കളഞ്ഞുകുളിച്ചിരിക്കുന്നത്. ഇവിടെ രണ്ടിടത്തും സിപിഐഎമ്മിന് വിജയം ഉറപ്പാക്കുന്നത് കോന്നിയിലെ വിജയം ലക്ഷ്യമിട്ടാണ്’, ബാലശങ്കര്‍ പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് വന്ന സ്ഥാനാര്‍ത്ഥിയെ എന്തിനാണ് ഇപ്പോള്‍ കോന്നിയില്‍ മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘അദ്ദേഹം വീണ്ടും മത്സരിക്കേണ്ട കാര്യമില്ലല്ലോ. ഇതിന്റെയൊപ്പം മഞ്ചേശ്വരത്തും മത്സരിക്കുന്നുണ്ട്. പ്രായോഗികമായി പ്രചരണം നടത്തുക പോലും വിഷമകരമാണ്. ഹെലികോപ്ടറെടുത്ത് പ്രചരണം നടത്തുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര ചോദ്യം ചെയ്ത രാഷ്ട്രീയ നേതാവാണ് രണ്ട് മണ്ഡലത്തില്‍ നില്‍ക്കാനായി ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുന്നത്’,

കേരളത്തിന്റെ പൊളിറ്റിക്കല്‍ ഐഡിയോളജിക്കല്‍ ഫോര്‍മാറ്റ് വളരെ ആദര്‍ശാത്മകമാണ്. മുഖ്യമന്ത്രി പോലും ഹെലിക്കോപ്റ്റര്‍ ഉപയോഗിക്കുന്നത് ഇഷ്ടപ്പെടാത്ത രാഷ്ട്രീയ മനസ്സാണ് കേരളത്തിന്റേത്. ഇതിലേക്ക് കയറിയാല്‍ മാത്രമേ ബിജെപിക്ക് കേരളത്തില്‍ വളരാനാവുകയുള്ളു. ആ മൈന്‍ഡ് സ്‌പെയ്‌സ് മനസ്സിലാക്കാനുള്ള ആര്‍ജ്ജവം വേണം. ഇതില്ലാത്തതുകൊണ്ടാണ് കേരളത്തില്‍ ബി.ജെ.പി. വളരാത്തതതെന്നും ബാലശങ്കര്‍ വിമര്‍ശിച്ചു. കെ സുരേന്ദ്രന്‍ ജനകീയനായ നേതാവല്ല, മത്സരിച്ച സ്ഥലങ്ങളിലെല്ലാം തോറ്റ സ്ഥാനാര്‍ത്ഥിയാണെന്നും ബാലശങ്കര്‍ പരിഹസിച്ചു.