ആഗ്ര: താജ്മഹൽ സന്ദർശിക്കാനുള്ള ടിക്കറ്റ് നിരക്ക് ഉയർത്തി ആഗ്ര ഭരണകൂടം. സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളുടെ പ്രവേശന ടിക്കറ്റിലാണ് വർധനവ് വരുത്തിയിരിക്കുന്നത്. നേരത്തെ സ്വദേശികളായ വിനോദ സഞ്ചാരികൾക്ക് താജ്‌മഹലിലേക്കുള്ള പ്രവേശനത്തുക 50 രൂപയായിരുന്നു. ഇത് ഇപ്പോൾ 80 രൂപയായാണ് വർധിപ്പിച്ചിരിക്കുന്നത്.
വിദേശ സഞ്ചാരികൾക്ക് 1200 രൂപയാണ് പ്രവേശന ഫീസ്.താജ്‌മഹലിലെ പ്രധാന ഭാഗത്തേക്ക് പ്രവേശിക്കുന്നതിനായി സ്വദേശികളിൽ നിന്ന് പുതുക്കിയ നിരക്ക് 480 രൂപയും വിദേശികൾക്ക് 1600 രൂപയും ഈടാക്കും.
അതേസമയം, താജ് മഹലിന്റെ പേര് മാറ്റണമെന്ന ആവശ്യം വീണ്ടും ശക്തമാക്കി ബിജെപി നേതാവ് രംഗത്ത്. രാം മഹൽ എന്നോ ശിവ് മഹൽ എന്നോ പേരുമാറ്റണമെന്നാണ് ബൈരിയ മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയായ സുരേന്ദ്ര സിങിന്റെ ആവശ്യം.മുൻപ് ഇത് ശിവക്ഷേത്രമായിരുന്നു എന്നാണ് ഇയാളുടെ വാദം.