തിരുവനന്തപുരം: കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകും. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ശോഭ സുരേന്ദ്രനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു. ശോഭാ സുരേന്ദ്രനും ഇക്കാര്യം സ്ഥിരീകരിച്ചു.
കഴക്കൂട്ടത്ത് ശോഭയെ മത്സരിപ്പിക്കാതിരിക്കാനുള്ള വി മുരളീധരപക്ഷത്തിന്‍റെ നീക്കങ്ങൾക്കെല്ലാം തടയിട്ടാണ്, ബിജെപി കേന്ദ്രനേതൃത്വം ശോഭയ്ക്ക് മത്സരിക്കാൻ പച്ചക്കൊടി കാട്ടിയത്. ശോഭ സുരേന്ദ്രനെ വെട്ടാൻ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ കഴക്കൂട്ടത്ത് ഇറക്കാനാണ് വി.മുരളീധര പക്ഷം നീക്കം നടത്തിയിരുന്നത്.
മറ്റന്നാൾ മണ്ഡലത്തിൽ പ്രചാരണം തുടങ്ങുമെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. ശോഭ സുരേന്ദ്രൻ മത്സരിച്ചാൽ കഴക്കൂട്ടത്ത് വിജയസാധ്യത ഉണ്ടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തൽ. സാമുദായിക പരിഗണന നോക്കിയാലും ശോഭ സുരേന്ദ്രൻ അനുയോജ്യ സ്ഥാനാര്‍ത്ഥിയെന്നും കേന്ദ്ര നേതൃത്വം പറയുന്നു. എന്നാൽ കഴക്കൂട്ടം അല്ലാതെ കൊല്ലത്തോ കരുനാഗപ്പള്ളിയിലോ ശോഭ സുരേന്ദ്രൻ മത്സരിച്ചോട്ടെ എന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്.