തിരുവനന്തപുരം: വെള്ളിയാഴ്ചയും ശനിയാഴ്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഉച്ചക്ക് 2 മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുകയാണ്.
ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികൾ കളിക്കുന്നില്ലെന്നും ഉറപ്പുവരുത്തണമെന്നും ജാഗ്രതാനിർദേശത്തിൽ പറഞ്ഞിരിക്കുന്നു.