ആയുധ ഇറക്കുമതി കുറച്ചു; കയറ്റുമതിയിൽ കുതിപ്പുമായി ഇന്ത്യ; റിപ്പോർട്ട് പുറത്ത്

ന്യൂഡെൽഹി: ഇന്ത്യയുടെ ആയുധ ഇറക്കുമതി 33 % കുറഞ്ഞുവെന്ന് സ്റ്റോക്ക്‌ഹോം ഇന്റർനാഷണൽ പീസ് റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട്. 2011-15 കാലയളവിനും 2016-20 നും ഇടയിൽ ഉള്ള കണക്കുകളാണ് തിങ്കളാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഇതോടെ, കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ഇന്ത്യയുടെ ആയുധ ഇറക്കുമതി വലിയ തോതിൽ കുറഞ്ഞുവെന്നാണ് രേഖകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.

വിദേശ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത സൈനിക ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ രാജ്യം സ്വീകരിച്ച നടപടികൾ ഫലപ്രദമായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സങ്കീർണ്ണമായ സംഭരണ പ്രക്രിയയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ശ്രമമാണ് ഇന്ത്യയുടെ ആയുധ ഇറക്കുമതി കുറയാൻ കാരണമായതെന്ന് അന്താരാഷ്ട്ര ആയുധ കൈമാറ്റത്തെക്കുറിച്ചുള്ള റിപ്പോർട്ട് പറയുന്നു.

ഇന്ത്യ ആയുധ ഇറക്കുമതി കുറച്ചത് ഏറ്റവും അധികം ബാധിച്ചത് അമേരിക്കയേയും, റഷ്യയേയും ആണ്. അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി 46 ശതമാനവും, റഷ്യയിൽ നിന്നുള്ള ആയുധ ഇറക്കുമതിയിൽ 49 ശതമാനവുമാണ് കുറഞ്ഞത്. നേരത്തെ ഫ്രാൻസ്, ഇസ്രായേൽ എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യ വലിയ തോതിൽ ആയുധം വാങ്ങിയിരുന്നു. റിപ്പോർട്ട് പ്രകാരം 2016-20 കാലയളവിൽ ആഗോള ആയുധ കയറ്റുമതിയുടെ വിഹിതത്തിന്റെ 0.2 ശതമാനം ഇന്ത്യയിൽ നിന്നാണ്. ഇതോടെ ആയുധ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിൽ ലോകത്തെ 24-ാമത്തെ രാജ്യമായി ഇന്ത്യ മാറി.