ലണ്ടൻ: ഇൻഡോ പസഫിക് മേഖലയിൽ ചൈനയുടെ അധിനിവേശ നയങ്ങൾക്കെതിരായ അന്താരാഷ്ട്ര സഖ്യ രൂപീകരണത്തിന്റെ ഭാഗമായി ഇന്ത്യ സന്ദർശിക്കാനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അടുത്ത മാസമായിരിക്കും അദ്ദേഹം ഇന്ത്യയിലെത്തുക. ഇൻഡോ പസഫിക് മേഖലയിൽ ചൈനക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന രാജ്യമെന്ന് ക്വാഡ് ഉച്ചകോടിയിൽ അമേരിക്ക ഇന്ത്യയെ പ്രശംസിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ബ്രെക്സിറ്റിന് ശേഷമുള്ള യുകെയുടെ സാദ്ധ്യതകൾ വിശകലനം ചെയ്യുന്നതിനും പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനും വിദേശ നയത്തിൽ ഇന്ത്യക്ക് അമേരിക്കക്കൊപ്പം തുല്യ പ്രാധാന്യം നൽകുന്നതിനുമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം എന്നാണ് സൂചന. ആധുനിക ലോകത്തിന്റെ രാഷ്ട്രീയ കേന്ദ്രം എന്നാണ് ഇൻഡോ പസഫിക് മേഖലയെ ബ്രിട്ടൺ വിശേഷിപ്പിക്കുന്നത്.
ഇന്ത്യയുടെ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ബോറിസ് ജോൺസൺ മുഖ്യാതിഥിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ യുകെയിൽ കൊറോണ വ്യാപനം വീണ്ടും രൂക്ഷാമുകയും ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപകമായി പടർന്നു പിടിക്കുകയും ചെയ്തിരുന്നു. അന്ന് ഉപേക്ഷിച്ച ഇന്ത്യാ സന്ദർശനമാണ് ജോൺസൺ ഏപ്രിലിൽ നടത്തുന്നത്.