തിരുവനന്തപുരം: പി.സി.വിഷ്ണുനാഥ് കുണ്ടറയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. കല്‍പറ്റയില്‍ ടി.സിദ്ദിഖും നിലമ്പൂരില്‍ വി.വി.പ്രകാശും സ്ഥാനാർഥികളാകും. അവശേഷിക്കുന്ന അഞ്ചിടത്തെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് രാത്രിയോ രാവിലെയോ പ്രഖ്യാപിക്കും. പ്രഖ്യാപിച്ച സീറ്റുകളില്‍പോലും പ്രതിഷേധം ഉയരുന്നത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ആര്‍.എംപിക്ക് വിട്ടുകൊടുത്ത വടകരയും ഫോര്‍വേഡ് ബ്ലോക്കിന് നല്‍കിയ ധര്‍മ്മടവും കോണ്‍ഗ്രസ് തിരിച്ചെടുത്തു. വടകരയില്‍ കെ.കെ രമ മല്‍സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് സീറ്റ് തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മല്‍സരിക്കാനില്ലെന്ന് ഫോര്‍വേഡ് ബ്ലോക്ക് അറിയിച്ചതോടെയാണ് ആ സീറ്റും കോണ്‍ഗ്രസിന് ഏറ്റെടുക്കേണ്ടി വന്നത്. ഇതോടെ കോണ്‍ഗ്രസ് മല്‍സരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം 94 ആയി. ഏറ്റെടുത്ത രണ്ടെണ്ണം ഉള്‍പ്പടെ എട്ടിടത്തെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച തുടരുകയാണ്.
വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാര്‍, പട്ടാമ്പിയില്‍ റിയാസ് മുക്കോളി, തവനൂരില്‍ ഫിറോസ് കുന്നുംപറമ്പില്‍ എന്നിവരാണ് നിലവില്‍ പട്ടികയിലുള്ളത്. പട്ടാമ്പിയില്‍ മല്‍സരിക്കാനില്ലെന്ന് ആര്യാടന്‍ ഷൗക്കത്തും തവനൂരിലേക്കില്ലെന്ന് റിയാസ് മുക്കോളിയും നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു.