കൊച്ചി: സ്വപ്നയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് മൊഴി നൽകിയ വനിതാ കോൺസ്റ്റബിൾമാരെ ഇഡി ചോദ്യം ചെയ്യും. കൊച്ചിയിലെ പൊലീസുകാരായ റജി മോൾ, സിജി വിജയൻ എന്നിവരെയാണ് ചോദ്യംചെയ്യുക. ഇവർക്കെതിരെ കേസെടുക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
കൊച്ചിയിലെ വനിത പോലീസുകാരാണ് ഇരുവരും. അന്വേഷണം അട്ടിമറിക്കാൻ പോലീസ് ഗുഢാലോചന നടത്തിയെന്നും ഇഡി ആരോപിച്ചു. സ്വപ്നയെ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്നാണ് മൊഴി.
ശബ്ദരേഖ ചോർന്നത് അന്വേഷിച്ച സംഘത്തിനാണ് സിജി മൊഴി നൽകിയത്. മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകിയാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായുള്ള സ്വപ്നയുടെ ശബ്ദരേഖയാണ് പുറത്തുവന്നത്.