തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായി അരിത ബാബു. ദേവികുളങ്ങര ഗോവിന്ദമുട്ടം അജീഷ് നിവാസിൽ തുളസീധരൻറെയും ആനന്ദവല്ലിയുടെയും മകളാണ് അരിത. 27 വയസുകാരിയായ അരിത കായംകുളം മണ്ഡലത്തിലാണ് മത്സരിക്കുന്നത്.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ നിർധന കുടുംബത്തിലെ അംഗമെന്ന് പറഞ്ഞാണ് അരിതയെ മുല്ലപ്പള്ളി പരിചയപ്പെടത്തിയത്. പശുവിൻ പാല് വിറ്റ് ഉപജീവനം നടത്തുകയും ശേഷിക്കുന്ന സമയം പൂർണ്ണമായി സാമൂഹ്യരാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേണ്ടി ചിലവഴിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അരിതയെന്നായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. മണ്ഡലത്തിൽ അരിതയ്ക്കുളള സ്വീകാര്യത കൂടിയാണ് സ്ഥാനാർത്ഥി നിർണ്ണയത്തിലേക്ക് നയിച്ചത്.

ചെറിയ പ്രായത്തിലെ വലിയ ഉത്തരവാദിത്തം പാർട്ടി തന്നെ ഏൽപ്പിച്ച സന്തോഷത്തിലാണ് അരിത. സ്ഥാനാർത്ഥി പട്ടികയിൽ വന്നത് തന്നെ വലിയ അംഗീകാരമാണെന്ന് അരിത പറയുന്നു. ബികോം ബിരുദധാരി കൂടിയായ അരിത സജീവമായി രാഷട്രീയ പ്രവർത്തന രംഗത്തുണ്ട്. അരിത ഇരുപത്തിയൊന്നാം വയസിൽ കൃഷ്ണപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ പഞ്ചായത്ത് അംഗമായി മാറുകയും ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയാണ്.
പുതുപ്പള്ളി എസ് ആർ വി എൽ.പി.എസ്, കായംകുളം ഗവ ഗേൾസ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ, പ്ലസ് ടു വിദ്യാഭ്യാസം പൂർത്തീകരിച്ച അരിത കേരളാ സർവ്വകലാശാലയിൽ നിന്നും ബികോം ബിരുദം നേടി.ജീവിതത്തിൻ്റെ പ്രയാസങ്ങളും, അരിഷ്ടതകളും ബുദ്ധിമുട്ടുകളും ബാല്യം മുതൽ തന്നെ നേരിടേണ്ടി വന്ന അരിത, അതിരാവിലെ നാലിന് ഉറക്കം ഉണർന്ന് 6 പശുക്കളുടെ പാൽ 15 വീടുകളിലും ഗോവിന്ദ മുട്ടം ക്ഷീരോല്പാദക സഹകരണ സംഘത്തിലും തൻ്റെ ഇരുചക്ര വാഹനത്തിൽ എത്തിക്കുന്നു.
പശുവിന് പിണ്ണാക്കും പുളിയരിപ്പൊടിയും വാങ്ങുന്നതും, പുല്ല് ചെത്തി കൊടുക്കുന്നതും, കുളിപ്പിക്കുന്നതുമെല്ലാം അരിതയുടെ ജോലിയാണ്. സാധാരണ ജീവിത പശ്ചാത്തലത്തിനിടയിലും പഠനത്തിൽ ശ്രദ്ധ ചെലുത്തുന്ന അരിത നിയമ വിദ്യാഭ്യാസത്തിനുള്ള തയ്യാറെടുപ്പിലാണ്.
കഴിവുറ്റ സംഘാടകയും, മികച്ച പ്രാസംഗികയും, സ്ത്രീ ശാക്തീകരണത്തിൻ്റെയും, അവകാശ പോരാട്ടങ്ങളുടെയും, പരിസ്ഥിതി സംരക്ഷണത്തിൻ്റെയും ഉജ്വല മാതൃകയുമാണ് അരിത.കെ എസ് യു കായംകുളം നിയോജക മണ്ഡലം സെക്രട്ടറി, യൂത്ത് കോൺഗ്രസ് പുതുപ്പള്ളി മണ്ഡലം സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.