തിരുവനന്തപുരം: എൻഡിഎ പ്രവേശനം വാർത്ത തള്ളാതെ പിസി ചാക്കോ. നാളെ എന്തെന്ന കാര്യത്തിൽ തീരുമാനം വൈകില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽനിന്നു രാജിവയ്ക്കുകയെന്ന തീരുമാനം പെട്ടെന്നുണ്ടായതല്ലെന്നും മാസങ്ങളായി ഇതു സംബന്ധിച്ച ആലോചനയിലായിരുന്നുവെന്നും പിസി ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.
“എൻഡിഎയുടെ ഭാഗമാവുമെന്ന പ്രചാരണം സ്വാഭാവികമാണ്. കോൺഗ്രസ് നേതൃത്വത്തിലെ പ്രമുഖർ ഒരാൾ പാർട്ടിയിൽനിന്നു രാജിവയ്ക്കുമ്പോൾ അത്തരം പ്രചാരണങ്ങൾ ഉണ്ടാവും. അത് തള്ളുന്നില്ല. നാളെ എന്തെന്ന കാര്യത്തിൽ തീരുമാനം വൈകില്ല. രാഷ്ട്രീയ നിലപാട് സംബന്ധിച്ച തീരുമാനം ഉടനുണ്ടാവും. വിവിധ തലങ്ങളിൽ ചർച്ച തുടരുകയാണ്,” പിസി ചാക്കോ പറഞ്ഞു.
കോൺഗ്രസിലെ ഗ്രൂപ്പുകളി തന്നെ ഏറെ വേദനിപ്പിച്ചു, പീന്നീട് സ്ഥാനാർത്ഥി നിർണയത്തിലെ ജനാധിപത്യ വിരുദ്ധ നടപടികൾ സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും പിസി ചാക്കാ വ്യക്തമാക്കി.
കെപിസിസിയുടെ മുൻ ജനറൽ സെക്രട്ടറി വിജയൻ തോമസ് കഴിഞ്ഞദിസവം ബിജെപിയിൽ ചേർന്നിരുന്നു. ഡെൽഹിയിലെ ബിജെപി ആസ്ഥാനത്തു വച്ചാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. നേമത്ത് സ്ഥാനാർത്ഥിയാക്കാത്തതിൽ പ്രതിഷേധിച്ച് മാർച്ച് ഏഴിനാണ് അദ്ദേഹം രാജി സമർപ്പിച്ചത്.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ്ങിൽനിന്നാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. വിജയൻ തോമസ് പാർട്ടിയിൽ ചേർന്നത് വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. സീറ്റിന്റെ പേരിൽ അല്ല പാർട്ടി വിടുന്നതെന്ന് വിജയൻ തോമസ് പറഞ്ഞു.