കൊൽക്കത്ത: കാണ്ഡഹാറിൽ 1999ൽ ബന്ദികളാക്കപ്പെട്ട വിമാന യാത്രക്കാരുടെ മോചനത്തിന് പകരമായി തീവ്രവാദികളുടെ ബന്ദിയാവാൻ അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്ന മമത ബാനർജി തയ്യാറെടുത്തിരുന്നതായി മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ.1999 ൽ തീവ്രവാദികൾ ഇന്ത്യൻ വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ടുപോയപ്പോൾ മന്ത്രിസഭയിൽ യാത്രക്കാരുടെ മോചനം സംബന്ധിച്ച് ചർച്ചകൾ നടന്നിരുന്നു. യാത്രക്കാരെ മോചിപ്പിക്കുകയാണെങ്കിൽ പകരമായി താൻ തീവ്രവാദികളുടെ ബന്ദിയാകാൻ തയ്യാറാണെന്ന് മമത പ്രഖ്യാപിച്ചു.
ആ ത്യാഗം ഏറ്റെടുക്കാൻ മമത അന്ന് തയ്യാറായിരുന്നെന്നും സിൻഹ ഓർത്തു. 2018 ൽ ബിജെപിയിൽ നിന്ന് രാജിവച്ച ശേഷം ഇന്ന് യശ്വന്ത് സിൻഹ ഇന്ന് തൃണമൂലിൽ ചേർന്നിരുന്നു. തുടർന്നാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
‘വാജ്‌പേയ് ഭരണകാലത്ത് ഞങ്ങൾ ഒന്നിച്ച് കേന്ദ്ര മന്ത്രിസഭയിൽ പ്രവർത്തിച്ചിരുന്നു. എനിക്കുറപ്പിച്ച് പറയാനാകും അന്നുമുതലേ അവരൊരു പോരാളിയായിരുന്നു. ഇന്നും അതിന് യാതൊരു മാറ്റവും വന്നിട്ടില്ല’ സിൻഹ പറഞ്ഞു.
കാണ്ഡഹാർ വിമാന റാഞ്ചൽ നടക്കുമ്പോൾ കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്നു മമത ബാനർജി. 1999 ൽ 180 യാത്രക്കാരുമായി നേപ്പാളിലെ കാഠ്മാണ്ഡു ത്രിഭുവൻ അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഡൽഹി ഇന്ദിര ഗാന്ധി അന്തരാഷ്ട്ര വിമാനത്തവാളത്തിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനമാണ് തീവ്രവാദികൾ റാഞ്ചിയത്. പാകിസ്ഥാനിലെ തീവ്രവാദി സംഘടനയായ ഹർക്കത്തുൾ മുജാഹിദ്ദീനായിരുന്നു വിമാനം റാഞ്ചിയത്.