ന്യൂഡെൽഹി: ആസ്ട്രസെനക കൊറോണ വാക്‌സിൻ സ്വീകരിച്ചവർക്ക് റിപ്പോർട്ട് ചെയ്യുന്ന പാർശ്വഫലങ്ങൾ ഇന്ത്യ വിശദമായി പരിശോധിക്കുമെന്ന് ഐസിഎംആർ.വാക്‌സിൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നുവെന്ന് കണ്ടെത്തിയതിനാൽ ഡെൻമാർക്ക്, നോർവെ, ഐസ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങൾ ആസ്ട്രസെനക വാക്‌സിന്റെ ഉപയോഗം തത്കാലികമായി നിർത്തിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐസിഎംആർ പ്രതിനിധിയുടെ പ്രതികരണം.
വാക്‌സിനെടുത്തവരിലുള്ള പാർശ്വഫലങ്ങൾ വിദഗ്ധ സംഘം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് ഐസിഎംആറിന് കീഴിലുള്ള നാഷണൽ ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. എൻകെ അറോറ പറഞ്ഞു. അതേസമയം ഇന്ത്യയിൽ വാക്‌സിൻ ഉപയോഗിച്ചുകൊണ്ടുള്ള പാർശ്വഫലങ്ങൾ കുറവായതിനാൽ ആശങ്കപെടേണ്ട സാഹചര്യമില്ല. റിപ്പോർട്ട് ചെയ്യപ്പെട്ട പാർശ്വഫലങ്ങൾ നിരീക്ഷിച്ച് രക്തം കട്ടപിടിക്കുന്ന തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്നും എൻകെ അറോറ പറഞ്ഞു.
എല്ലാ പാർശ്വഫലങ്ങളും ഞങ്ങൾ പരിശോധിക്കും. പ്രധാനമായും ഗുരുതര പാർശ്വഫലങ്ങളായ മരണം, ആശുപത്രി പ്രവേശനം എന്നിവയെല്ലാം നിരീക്ഷിക്കുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി.ആശങ്കജനകമായ എന്തെങ്കിലും കണ്ടെത്തിയാൽ അക്കാര്യം അറിയിക്കും.അതേസമയം ഇന്ത്യയിൽ രക്തം കട്ടപിടിക്കുന്ന പാർശ്വഫലം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും എൻകെ അറോറ പറഞ്ഞു.