ന്യൂഡെൽഹി: ബിജെപിയുടെ മുൻനേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. കൊൽക്കത്തയിൽ തൃണമൂൽ ഭവനിൽ മുതിർന്ന നേതാക്കളായ സുദിപ് ബന്ദോപാധ്യായ്, സുബ്രത മുഖർജി, ഡെറിക് ഒബ്രിയാൻ എന്നിവരിൽ നിന്ന് അംഗത്വം സ്വീകരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനായ യശ്വന്ത് സിൻഹയെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനിടെ ഒപ്പം നിർത്താനായത് വലിയ നേട്ടമായാണ് തൃണമൂൽ കോൺഗ്രസ് നേതൃത്വം കാണുന്നത്. എ.ബി വാജ്പേയ് മന്ത്രിസഭയിൽ ധനം, വിദേശകാര്യം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
1960 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു. ജനതാ പാർട്ടിയിലൂടെ രാഷ്ട്രീയത്തിലെത്തി. 2018ൽ ബിജെപി വിട്ടു. മകൻ ജയന്ത് സിൻഹ ജാർഖണ്ഡിലെ ഹസാരിബാഗിൽ നിന്നുള്ള ബിജെപി എംപിയാണ്.