ഗീത ഗോപിയെ ഒഴിവാക്കി, പ്രതിഷേധം വകവെയ്ക്കാതെ ചടയമംഗലത്ത് ചിഞ്ചുറാണി; സിപിഐ സ്ഥാനാർത്ഥികളായി

തിരുവനന്തപുരം: അവശേഷിച്ച നാല് സീറ്റിൽ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഐ. ചടയമംഗലം, ഹരിപ്പാട്, പറവൂർ, നാട്ടിക എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.നാട്ടികയിൽ സിറ്റിങ് എംഎൽഎ ഗീത ഗോപിയെ ഒഴിവാക്കി പകരം സിസി മുകുന്ദനെ സ്ഥാനാർത്ഥിയാക്കി.

വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ ഗീത ഗോപിക്ക് മൂന്നാം ടേം കൂടി നൽകണമെന്ന നിർദേശം സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ജില്ലാ നേതൃത്വം ഇത് അംഗീകരിച്ചില്ല. ചടയമംഗലത്ത് വനിതാ പ്രാതിനിധ്യം കൂടി ഉറപ്പാക്കിയാണ് ജെ ചിഞ്ചുറാണിക്ക് സീറ്റ് നൽകിയത്.

പറവൂരിൽ എംടി നിക്‌സണും, ഹരിപ്പാട് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ സജിലാലും മത്സരിക്കും. നേരത്തെ 21 സീറ്റിൽ സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. 25 സീറ്റിലാണ് സിപിഎ ഇത്തവണ മത്സരിക്കുന്നത്.

ചടയമംഗലത്ത് പരിഗണിച്ചിട്ടുള്ള ചിഞ്ചുറാണിക്കെതിരെ പ്രാദേശിക തലത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിനെ അവഗണിച്ച് മുന്നോട്ടുപോകാനാണ് സിപിഐ ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.