ന്യൂഡെൽഹി: കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾകിറ്റ് കേസിൽ ആക്ടിവിസ്റ്റ് ശുഭം കാർ ചൗധരിയെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. ഡെൽഹി കോടതിയാണ് ചൗധരിയെ മാർച്ച് 15 വരെ അറസ്റ്റ് ചെയ്യുന്നത് വിലക്കിയത്. നികിത ജേക്കബിനും ശാന്തനു മുളുകിനും പുറമെയാണ് ചൗധരിയെയും അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞത്. സെക്ഷൻ 124 എ (രാജ്യദ്രോഹം), 120 ബി (ക്രിമിനൽ ഗൂഡാലോചന) 153 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് ശുഭം ചൗധരിക്ക് എതിരെ ഡെൽഹിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.
നേരത്തെ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചും ചൗധരിക്ക് മാർച്ച് 12 വരെ അറസ്റ്റിൽ സംരക്ഷണം നൽകിയിരുന്നു. ഡെൽഹിയിലും കേസ് രജിസ്റ്റർ ചെയ്തതോടെയാണ് ഇദ്ദേഹം ഡെൽഹി കോടതിയെ സമീപിച്ചത്.
ടൂൾകിറ്റ് നിർമ്മിച്ചതിലോ വിതരണം ചെയ്തതിലോ തന്റെ കക്ഷിക്ക് യാതൊരു പങ്കുമില്ലെന്നും അതിനാൽ അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകണമെന്നും ശുഭം ചൗധരിയുടെ അഭിഭാഷകൻ കോടതിൽ ആവശ്യപ്പെട്ടു.
കേസിൽ ഫെബ്രുവരി 13-ന് 22കാരിയായ ദിശാ രവിയെ ഡെൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാർഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ ത്യുൻബെ ട്വിറ്ററിൽ പങ്കുവെച്ച ടൂൾകിറ്റ് രൂപകൽപന ചെയ്തതിനാണ് ദിശാ അറസ്റ്റിലാകുന്നത്. രാജ്യദ്രോഹകുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.