പൊതുമേഖലാ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ മന്ത്രിസഭാ തീരുമാനം; സ്റ്റേ തുടരും

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിൽ പത്തു വർഷം ജോലി ചെയ്ത ജീവനക്കാരെ സ്ഥിരപ്പെടുത്തിയ മന്ത്രിസഭാ തീരുമാനത്തിൻ മേലുള്ള ഹൈക്കോടതി സ്റ്റേ തുടരും. സ്ഥിരപ്പെടുത്തിയ പൊതുമേഖലാ സ്ഥാപനങ്ങളും സർക്കാരും ഏപ്രിൽ 8 നു മുൻപ് എതിർ സത്യവാഗ്മൂലം നൽകണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.

ഏപ്രിൽ എട്ടിന് കേസ് വീണ്ടും പരിഗണിക്കും. പിഎസ് സിക്ക് കൈമാറാത്ത തസ്തികകളിലേയ്ക്ക് സ്പെഷ്യൽ ചട്ടങ്ങൾ തയ്യാറാക്കിയാണ് നിയമനങ്ങൾ സ്ഥിരപ്പെടുത്തിയതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു. സ്പെഷ്യൽ ചട്ടങ്ങൾ കോടതിയിൽ ഹാജരാക്കാനും കോടതി നിർദ്ദേശിച്ചു.

ഏപ്രിൽ എട്ടിന് കേസ് കോടതി പരിഗണിക്കുമെന്നും കേസ് തീരുന്നതുവരെ സ്റ്റേ തുടരുമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഹർജ്ജിക്കാരായ ഉദ്യോഗാർഥികൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ്ജ് പൂന്തോട്ടം ഹാജരായി.