ശബരിമല‍ നട 14ന് തുറക്കും; കൊടിയേറ്റ് 19ന്; പ്രതിദിനം പതിനായിരം പേർക്ക് വെർച്വൽ ക്യൂ വഴി പ്രവേശനം

പത്തനംതിട്ട: മീനമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം ഈ മാസം 14ന് വൈകുന്നേരം അഞ്ചിന് തുറക്കും. 15ന് പുലർച്ചെ മുതൽ ഭക്തരെ ശബരിമലയിലേക്ക് കടത്തിവിടും. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് പാസ്സ് ലഭിച്ചവരെ മാത്രമെ ഇക്കുറിയും ശബരിമലയിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. ഭക്തർക്ക് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്.

പ്രതിദിനം പതിനായിരം പേർക്ക് പ്രവേശിക്കാൻ അനുമതി നൽകിയിട്ടുണ്ട്. പ്രവേശനത്തിനായി 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് വേണം കയ്യിൽ കരുതാൻ. ഉത്രം മഹോത്സവവും മാസപൂജകളെ തുടർന്ന് നടക്കും.19ന് രാവിലെ 7.15നും 8നും മധ്യേ കൊടിയേറും. തന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. ഉത്സവബലിയും ശീവേലി എഴുന്നള്ളത്തും സേവയും ഉത്സവത്തിന്റെ ഭാഗമായി ഉണ്ടാകും.

27ന് രാത്രി പളളിവേട്ട. 28ന് രാവിലെ ആറാട്ട് എഴുന്നള്ളിപ്പ്. ഉച്ചയ്ക്ക് ശേഷം പമ്പയിൽ ആറാട്ട്. 28ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും. വിഷുവിനായി ക്ഷേത്രനട ഏപ്രിൽ 10ന് വൈകിട്ട് അഞ്ചിന് തുറക്കും.14നാണ് വിഷുക്കണി ദർശനം. പൂജകൾ പൂർത്തിയാക്കി 18ന് നട അടയ്ക്കും.