കൊച്ചി: പിവി അൻവർ എംഎൽഎ ഭൂപരിഷ്കരണ ചട്ടം ലംഘിച്ചിട്ടും നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. ഒരാഴ്ചയ്ക്കകം ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. പിവി അൻവറിനെതിരെ നോട്ടീസ് അയക്കാനും ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നൽകിയ സത്യവാങ്മൂലം അനുസരിച്ച് പിവി അൻവറിന്റെയും കുടുംബത്തിന്റെയും കൈവശം ഏകദേശം 207 ഏക്കർ ഭൂമി ഉണ്ട്. ഇത് ചൂണ്ടിക്കാണിച്ച് ഭൂരഹിതനായ മലപ്പുറം സ്വദേശി കെവി ഷാജി ലാൻഡ് ബോർഡിനെ സമീപിച്ചിരുന്നു. പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ഭൂപരിഷ്കരണ നിയമം ലംഘിച്ചതിന് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാൻ ലാൻഡ് ബോർഡ് താലൂക്ക് അധികൃതർക്കും റവന്യൂ ഡിപ്പാർട്ട്മെന്റിനും നിർദേശം നൽകിയിരുന്നു.
ഇതു സംബന്ധിച്ച് 2017ൽ ഒരു ഉത്തരവ് വന്നിട്ടും തുടർ നടപടി ഉണ്ടായിരുന്നില്ല. എംഎൽഎയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സർക്കാർ അദ്ദേഹത്തെ സഹായിക്കുകയാണെന്ന് ചൂണ്ടിക്കാണിച്ച് ഷാജി ഹൈക്കോടതി സമീപിച്ചു. ഈ ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി വീശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.
മൂന്നു വർഷമായിട്ടും എന്തുകൊണ്ടാണ് ഉത്തരവ് നടപ്പാക്കാത്തതെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടാണ് ലാൻഡ് ബോർഡ് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവർ അടക്കമുള്ളവർക്ക് ഹൈക്കോടതി നിർദേശം നൽകിയിരിക്കുന്നത്. തുടർ നടപടികൾ സ്വീകരിക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല എന്ന് വ്യക്തമാക്കാൻ സർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ അടുത്ത മാസം ഹൈക്കോടതി വിശദമായ വാദം കേൾക്കും.