കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ലീഗ് സ്ഥാനാർത്ഥിപട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനായി കരഞ്ഞ് വികെ ഇബ്രാഹിംകുഞ്ഞ് എംഎൽഎ. സിറ്റിങ് സീറ്റായ കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞിന്റെ മകൻ അഡ്വ അബ്ദുൾ ഗഫൂറാണ് ലീഗ് സ്ഥാനാർത്ഥി. ലീഗ് തനിക്ക് നൽകിയ അവസരങ്ങളെക്കുറിച്ച് വിവരിക്കവെ കരഞ്ഞുകൊണ്ടായിരുന്നു ഇബ്രാഹിംകുഞ്ഞ് സംസാരിച്ചത്.
‘നാല് തവണ എംഎൽഎ ആവാനും രണ്ടുതവണ മന്ത്രിയാവാനും പാർട്ടി എനിക്ക് അവസരം നൽകി. സാധാരണക്കാരനായ ഒരാളെ ഒരു പാർട്ടിയും ഇങ്ങനെ ഉയർത്തിക്കൊണ്ട് വരില്ല എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ടത്. മുസ്ലിംലീഗ് ബാഫഖി തങ്ങളുടെ കാലം മുതൽ, പാണക്കാട് തങ്ങൾമാരുടെ കാലം മുതൽ അനുവർത്തിക്കുന്ന നയം എക്കാലവും പിന്തുടരും എന്നതിൽ സംശയമില്ല’, പതറിയ ശബ്ദത്തോടെ അദ്ദേഹം പറഞ്ഞു.
തന്റെ മകൻ എന്ന നിലയിലല്ല ഗഫൂർ സ്ഥാനാർത്ഥിയായതെന്നും ഇബ്രാഹിംകുഞ്ഞ് വ്യക്തമാക്കി. ‘അഡ്വക്കേറ്റ് വിഇ അബ്ദുൾ ഗഫൂർ മുസ്ലിം ലീഗിന്റെ എറണാകുളം ജില്ലാ സെക്രട്ടറിയാണ്. ഹൈക്കോടതിയിലെ അഭിഭാഷകനുമാണ്. ഗഫൂർ സ്വന്തമായി ഓഫീസും പ്രാക്ടീസുമുള്ള അഭിഭാഷകനാണ്. അതിന് പുറമേ, ഇന്ത്യാ ഗവൺമെന്റിന്റെ അഭിഭാഷകനായി ഹൈക്കോടതിയിൽ പ്രവർത്തിച്ചിട്ടുണ്ട്.
നേരത്തെ യൂത്ത് ലീഗിന്റെ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്. എല്ലാ കാര്യത്തിലും പൊതുവായ പരിചയവുമുണ്ട്. പക്ഷേ, എനിക്ക് പറയാനുള്ളത്, മറ്റ് സ്ഥാനാർത്ഥികളെപ്പോലെ, തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളെ പോലെ ഗഫൂറും ജനങ്ങൾക്ക് വിധേയമായി പ്രവർത്തിക്കണം.
ഞാൻ കഴിഞ്ഞ നാല് തവണ, ഇരുപത് വർഷം തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ജനങ്ങൾ എന്നെ തേടി വരികയായിരുന്നു. ഒരുതവണയേ ഞാൻ അങ്ങോട്ട് പോയിട്ടുള്ളൂ. ബാക്കിയെല്ലാം എന്നെതേടി വരികയായിരുന്നു. കാരണം, ഞാൻ ജനങ്ങളുടെ സേവകനായി മാറുകയായിരുന്നു. അത് അഡ്വക്കറ്റ് അബ്ദുൾ ഗഫൂറും പിന്തുടരണം എന്നാണ് എന്റെ അഭ്യർത്ഥന. നിങ്ങൾ എല്ലാ പിന്തുണയും അബ്ദുൾ ഗഫൂറിന് കൊടുക്കണം’, അദ്ദേഹം അഭ്യർത്ഥിച്ചു.
27 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെയും പ്രഖ്യാപിച്ചു. എംപി അബ്ദുസമദ് സമദാനി മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവും. ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് പിവി അബ്ദുൾ വഹാബും മത്സരിക്കും.