കോട്ടയം: പിറവത്തെ കേരളാ കോൺ എം സ്ഥാനാർത്ഥി ഡോ. സിന്ധുമോൾ ജേക്കബിനെ പുറത്താക്കിയ സിപിഎം ഉഴവൂർ ലോക്കൽ കമ്മിറ്റിയെ തള്ളി സിപിഎം കോട്ടയം ജില്ല കമ്മിറ്റി. സംഘടനാ രീതിയനുസരിച്ച് ആരെയെങ്കിലും പുറത്താക്കണമെങ്കിൽ ജില്ലാ കമ്മിറ്റിയാണ് അന്തിമ തീരുമാനത്തിന് അനുമതി കൊടുക്കുന്നതെന്ന് ജില്ല സെക്രട്ടറി വി.എൻ വാസവൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘സംഘടന രീതിയനുസരിച്ച് ആരെയെങ്കിലും പുറത്താക്കണമെങ്കിൽ ജില്ലാ കമ്മിറ്റിയാണ് അന്തിമ തീരുമാനത്തിന് അനുമതി കൊടുക്കുന്നത്. അങ്ങനൊരു തീരുമാനം ഇതുവരെ ജില്ല കമ്മിറ്റിക്ക് മുമ്പിൽ വന്നിട്ടില്ല. അങ്ങനെ അനുമതി കൊടുത്തിട്ടില്ല. സംസ്ഥാന സമിതിയുമായി ബന്ധപ്പെട്ടോ എന്ന് അറിയില്ല. ലോക്കൽ കമ്മിറ്റി ചെയ്തതിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല.’ -വാസവൻ പറഞ്ഞു.
സിന്ധുമോൾ ഇതുവരെ മത്സരിച്ചതെല്ലാം സ്വതന്ത്രയായിട്ടാണ്. അവർ മത്സരിക്കാൻ യോഗ്യയുമാണ്. സമർത്ഥയായ സ്ഥാനാർത്ഥിയാണ്. ഏൽപിച്ച ഉത്തരവാദിത്തങ്ങളെല്ലാം കൃത്യമായി ചെയ്തിട്ടുള്ളയാളാണെന്നും വാസവൻ വ്യക്തമാക്കി.
ഡോ. സിന്ധുമോൾ ജേക്കബിനെ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ് ലോക്കൽ കമ്മിറ്റി പുറത്താക്കിയത്.
സിന്ധുമോളെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡൻറ് ജില്‍സ് പെരിയപ്പുറം രംഗത്തെത്തിയിരുന്നു.
പിറവത്ത് കേരള കോൺഗ്രസിന് ലഭിച്ച സീറ്റ് മറിച്ചുവിറ്റെന്നാണ് ജില്‍സ് ആരോപണം ഉന്നയിച്ചത്. ഇതിൽ പ്രതിഷേധിച്ച് പാർട്ടിയിൽനിന്ന് ജില്‍സ് രാജിവെക്കുകയും ചെയ്തു. പണവും ജാതിയും നോക്കിയാണ് സ്ഥാനാർഥി നിർണയമെന്നും ജിൽസ് ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ, പിറവത്തേത് പെയ്മെന്‍റ് സീറ്റല്ലെന്നാണ് സിന്ധുമോൾ ജേക്കബ് പ്രതികരിച്ചത്.