നന്ദിഗ്രാം: അനുയായികളോട് ശാന്തരാകാന്‍ ആശുപത്രിക്കിടക്കയില്‍നിന്ന് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. എല്ലാവരും ശാന്തരാകാനും സംയമനം പാലിക്കാനും ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതൊന്നും ചെയ്യരുതെന്നും അഭ്യര്‍ഥിക്കുന്നതായി വീഡിയോ സന്ദേശത്തില്‍ മമത പറഞ്ഞു.വീഡിയോ സന്ദേശത്തിലൂടെയാണ് അനുയായികളോട് ശാന്തരാകാന്‍ മമത ആവശ്യപ്പെട്ടത്.
രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ താന്‍ തിരിച്ചെത്തുമെന്ന് മമത അറിയിച്ചു. കാലിന് പരിക്ക് പ്രശ്നമായി തുടരുമെങ്കിലും ഇത് തന്റെ തെരഞ്ഞെടുപ്പ് യോഗങ്ങളെ ബാധിക്കാന്‍ അനുവദിക്കില്ല. പക്ഷേ തനിക്ക് വീല്‍ചെയറില്‍ സഞ്ചരിക്കേണ്ടിവരും. അതിന് നിങ്ങളുടെ പിന്തുണ ആവശ്യമാണെന്നും മമത പറഞ്ഞു.
തനിക്ക് ഗുരുതരമായി പരിക്കേറ്റതായി മമത പറഞ്ഞു. കൈയ്ക്കും കാലിനും പരിക്കേറ്റു. നെഞ്ചുവേദന അനുഭവപ്പെട്ടു. കാര്‍ ബോണറ്റിനു സമീപം നിന്ന് ജനങ്ങളെ അഭിവാദ്യം ചെയ്യുകയായിരുന്നു. പെട്ടെന്ന് തിക്കുംതിരക്കുമുണ്ടായി. കാറുമായി ചേര്‍ത്ത് ഞെരിച്ചു. കാല് തകര്‍ന്നതായും മമത വിശദീകരിച്ചു.മമതയുടെ ഇടത് കണങ്കാലിലും പാദത്തിലും ഗുരുതര പരിക്കുണ്ട്. വലതു തോളിനും കൈത്തണ്ടയിലും കഴുത്തിലും പരിക്കുകളുണ്ട്. ഇടതു കാലിന് താല്‍ക്കാലികമായി പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. 48 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരും.