എറണാകുളം: പിറവത്തെ സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധം രേഖപ്പെടുത്തി പിറവം നഗരസഭാ കൗൺസിലർ ജിൽസ് പെരിയപുറം പാർട്ടിയിൽ നിന്ന് രാജിവെച്ചതോടെ
കേരള കോൺഗ്രസ് എമ്മിൽ പൊട്ടിത്തെറി. പിറവം സീറ്റിലേക്ക് ജിൽസിനെ കേരള കോൺഗ്രസ് പരിഗണിച്ചിരുന്നു.
യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റാണ് ജിൽസ്. രാജിക്ക് പിന്നാലെ പാർട്ടിക്കെതിരെ രൂക്ഷവിമർശനമാണ് ജിൽസ് ഉന്നയിച്ചത്. പണവും ജാതിയും നോക്കിയാണ് സീറ്റുവിഭജനം, പിറവം സീറ്റ് ജോസ് കെ മാണി വിറ്റുവെന്നും ജിൽസ് പെരിയപുറം പറഞ്ഞു.
പിറവത്ത് സിപിഎമ്മുകാരിയും ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ഡോ. സിന്ധുമോൾ ജേക്കബിനെയാണ് അപ്രതീക്ഷിത സ്ഥാനാർഥിയായി കേരളാ കോൺ.എം പ്രഖ്യാപിച്ചിരിക്കുന്നത്. സിന്ധുമോളെ നേരത്തെ ലോക്സഭ തിരഞ്ഞെടുപ്പിലും സിപിഎം പരിഗണിച്ചിരുന്നു. സിന്ധു മോൾ കേരളാ കോൺഗ്രസിലേക്ക് ചേക്കേറിയതിന് എതിരേയാണ് കേരളാ കോൺഗ്രസുകാരുടെ പ്രതിഷേധം.
കുറ്റ്യാടി ഇല്ലാതെ കേരള കോൺഗ്രസ് എം സ്ഥാനാർഥി പട്ടിക ഇന്നലെയാണ് പുറത്തുവന്നത്. പട്ടികയിൽ പത്ത് പേർ പുതുമുഖങ്ങളാണ്.