മുംബൈ: ഇടവേളക്ക് ശേഷം മഹാരാഷ്ട്രയില്‍ കൊറോണ കേസുകള്‍ വീണ്ടും ഉയരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് കടക്കുകയാണ്. പ്രധാന നഗരമായ നാഗ്പുരില്‍ മാര്‍ച്ച് 15 മുതല്‍ 21വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
നാഗ്പുരില്‍ 1850ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം സംസ്ഥാനത്താകെ 13659 പേര്‍ക്ക് കൊറോണ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സൂചന നല്‍കി.
കൊറോണ കേസുകള്‍ വര്‍ധിക്കുകയാണെങ്കില്‍ ചില ഭാഗങ്ങളില്‍ കൂടി ലോക്ക്ഡൗണ്‍ അനിവാര്യമാകുമെന്നും രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജാല്‍ഗാവ് ജില്ലയില്‍ തിങ്കളാഴ്ച ജനത കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.
നാഗ്പുരില്‍ അവശ്യ സര്‍വിസുകള്‍ മാത്രമാണ് ലോക്ക്ഡൗണില്‍ അനുവദിക്കുക. കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകളില്‍ 60 ശതമാനവും മഹാരാഷ്ട്രയിലാണ് റിപ്പോര്‍ട്ട് ചെയ്തത്.