Home State എന്‍ഫോഴ്‌സ്‌മെൻ്റിന് എതിരേ കേസെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി

എന്‍ഫോഴ്‌സ്‌മെൻ്റിന് എതിരേ കേസെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി

0

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്രേ്ടറ്റിന് (ഇഡി) എതിരേ കേസെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടി. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോടാണു നിയമോപദേശം തേടിയത്. സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷിന്റേതായി പ്രചരിച്ച ശബ്ദരേഖയെക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണു നടപടി.
തുടര്‍നടപടി ആരാഞ്ഞു ക്രൈംബ്രാഞ്ച് സര്‍ക്കാരിനു കത്തു നല്‍കിയിട്ടുണ്ട്.

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുകയാണു അടുത്തഘട്ടം. ശബ്ദരേഖയില്‍ പറയുന്ന കാര്യങ്ങള്‍ സ്വപ്ന ക്രൈംബ്രാഞ്ച് സംഘത്തോടും ആവര്‍ത്തിച്ചിട്ടുണ്ട്. അതനുസരിച്ചു കേസെടുക്കാമോ എന്നാണു പരിശോധിക്കുന്നത്.
മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചതായാണു സ്വപ്നയുടെ ശബ്ദ സന്ദേശത്തിലുള്ളത്.

മാധ്യമങ്ങളില്‍ പ്രചരിച്ച ശബ്ദം തന്റേതെന്നു സ്വപ്ന സ്ഥിരീകരിച്ചതായി അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. മുഖ്യമന്ത്രിക്കെതിരേ തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ഇഡി നിര്‍ബന്ധിച്ചെന്നു സ്വപ്നയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ മൊഴിയുമുണ്ട്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു എന്ന ശബ്ദരേഖ ഗൗരവമുള്ളതെന്നാണു സര്‍ക്കാര്‍ വിലയിരുത്തല്‍.

ഈ സാഹചര്യത്തിലാണു തുടര്‍നടപടി എന്താകണം എന്നതിനെക്കുറിച്ചു നിയമോപദേശം ആവശ്യപ്പെട്ടത്. നിയമോപദേശം ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.
അതേസമയം, മുഖ്യമന്ത്രിയുടെ പേരുപറയാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചെന്നു സ്വപ്നയുടെ മൊഴിയില്ലെന്നാണു കസ്റ്റംസും ഇഡിയും വ്യക്തമാക്കുന്നത്. ഇടതു അനുകൂല പോലീസ് സംഘടനയില്‍പെട്ടവരാണു ഇ.ഡിയ്‌ക്കെതിരേ മൊഴി നല്‍കിയിട്ടുള്ളത്. ഇത് രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തിയുള്ളതാണെന്നും അവര്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here