സമുദ്രോപരിതലത്തിലും അന്തര്‍ ഭാഗത്തും ഒരേ പോലെ ആക്രമണം നടത്താം; ഇന്ത്യയുടെ സ്കോര്‍പിയന്‍ ക്ലാസ് അന്തര്‍വാഹിനി

മുംബൈ: സമുദ്രോപരിതലത്തിലും അന്തര്‍ ഭാഗത്തും ഒരു പോലെ ആക്രമണം നടത്താവുന്ന വിധം ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച സ്കോര്‍പിയന്‍ ക്ലാസ് അന്തര്‍വാഹിനി ‘ഐഎന്‍എസ് കരഞ്ച്’ കമീഷന്‍ ചെയ്തു. മുംബൈ മാസഗോണ്‍ കപ്പല്‍ നിര്‍മാണശാലയില്‍ നടന്ന ചടങ്ങില്‍ നാവികസേന മേധാവി അഡ്മിറല്‍ കരംബീര്‍ സിങ്, മുന്‍ നാവികസേന മേധാവി വി എസ് ഷെഖാവത്ത് അടക്കമുള്ളവര്‍ പങ്കെടുത്തു.

ഫ്രഞ്ച് കമ്പനി ഡി.സി.എന്‍.എസുമായി 2005-ല്‍ ഒപ്പിട്ട കരാര്‍ പ്രകാരം നിര്‍മിക്കുന്ന ആറ് കാല്‍വരി ക്ലാസ് അന്തര്‍വാഹിനികളില്‍ മൂന്നാമത്തേത് ആണ് ‘ഐ.എന്‍.എസ് കരഞ്ച്’. അന്തര്‍വാഹിനിയുടെ കടലിലെ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

മറ്റ് അന്തര്‍വാഹിനികളെ തകര്‍ക്കാനും മൈനുകള്‍ ഉപയോഗിച്ച്‌ ആക്രമണം നടത്താനും സാധിക്കും. 220 അടി നീളവും 40 അടി ഉയരവുമുള്ള അന്തര്‍വാഹിനിക്ക് സമുദ്രോപരിതലത്തില്‍ 11 നോട്ടിക്കല്‍ മൈല്‍ വേഗതയിലും കടലിനടിയില്‍ 20 നോട്ടിക്കല്‍ മൈല്‍ വേഗതയിലും സഞ്ചരിക്കാന്‍ സാധിക്കും.