ഈ മാസം 26 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ

ന്യൂഡെൽഹി: ഈ മാസം 26 ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ.ഇന്ധന വില വർധനവിനെതിരെ മാർച്ച് 15 ന് ട്രേഡ് യൂണിയനുകളുടെ സഹകരണത്തോടെ പ്രതിഷേധ ദിനം ആചരിക്കാനും സംഘടനകൾ തീരുമാനിച്ചു. കർഷക സമരം നാല് മാസം പിന്നിട്ടുന്നതിന്റെ ഭാഗമായിട്ടാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചത്.

കർഷകർ സമരം തുടരുകയും കേന്ദ്രസർക്കാർ അത് വകവെക്കാതെ മുന്നോട്ട് പോവുകയും ചെയ്യുകയാണ്. ഈ സാഹചര്യത്തിൽ വിഷയത്തിൽ പ്രത്യേക ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയത് ഇന്ന് പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമാകാൻ കാരണമായി.

ലോക്സഭയിലും രാജ്യസഭയിലും നടപടികൾ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം ഇക്കാര്യം ആവശ്യപ്പെട്ടു. കർഷക സമരം നേരത്തെ വിശദമായി സഭയിൽ ചർച്ചയായതാണെന്ന് വ്യക്തമാക്കി സർക്കാർ പ്രതിപക്ഷ ആവശ്യത്തെ എതിർത്തു.

2020 സെപ്റ്റംബർ മാസത്തിൽ പ്രാബല്യത്തിൽ വന്ന മൂന്ന് കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ റദ്ദാക്കണമെന്നും വിളകൾക്ക് താങ്ങ് വില ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കർഷകരാണ് ഡെൽഹി അതിർത്തിയായ തിക്രി, സിങ്കു, ഗാസിപൂർ എന്നിവിടങ്ങളിൽ തങ്ങിയിരിക്കുന്നത്.