ധന്‍സിങ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായേക്കും

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ധന്‍സിങ് റാവത്ത് ചുമതലയേല്‍ക്കുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് രാജിവെച്ചിരുന്നു. ത്രിവേന്ദ് സിങ് റാവത്തിനെതിരെ ബിജെപി എംഎല്‍എമാര്‍ കലാപക്കൊടി ഉയര്‍ത്തിയതോടെയാണ് രാജി.

പൗരി ജില്ലയിലെ ശ്രീനഗര്‍ മണ്ഡലത്തിലെ എംഎല്‍എയായ ധന്‍സിങ് നിലവില്‍ മന്ത്രിയാണ്. ത്രിവേന്ദ്ര സിങ് രാജി വെക്കും മുമ്പേ അദ്ദേഹം സ്വകാര്യ ഹെലികോപ്ടറില്‍ തലസ്ഥാനത്തെത്തിയിരുന്നു. ആര്‍എസ്എസുമായി ഏറ്റവും അടുത്ത ബന്ധമുള്ളയാളാണ് 50കാരനായ ധന്‍സിങ്.

ചരിത്രത്തിലും പൊളിറ്റിക്കല്‍ സയന്‍സിലും ബിരുദാനന്തര ബിരുദവും പൊളിറ്റിക്കല്‍ സയന്‍സില്‍ പിഎച്ച്ഡിയുമുള്ള നേതാവാണ് ധന്‍സിങ്. അടുത്ത വര്‍ഷമാണ് ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.