വടകര: കേരള കോൺഗ്രസ് എമ്മിന് സീറ്റ് നൽകിയതിനെ തുടർന്ന് കുറ്റ്യാടിയിൽ സി.പി.എം പ്രവർത്തകരിലുണ്ടായ എതിർപ്പ് പൊട്ടിത്തെറിയിലേക്ക്. സിപിഎം പ്രവർത്തകർ കുറ്റ്യാടി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വൻ ജനപങ്കാളിത്തമാണ് പ്രതിഷേധറാലിയിലുള്ളത്. എൽഡിഎഫ് സ്ഥാനാർഥിക്കെതിരെ വിമതനെ മത്സരിപ്പിച്ച് വിയോജിപ്പ് പ്രകടിപ്പിക്കാനും ഒരു വിഭാഗം പ്രവർത്തകർക്ക് നീക്കമുണ്ട്.
വടകര താലൂക്കിലെ കുറ്റ്യാടി, വടകര, നാദാപുരം എന്നിവിടങ്ങളിൽ സി.പി.എമ്മിന് സ്ഥാനാർഥികളില്ലാത്തതും പ്രതിഷേധത്തിന് ശക്തിപകരുന്നു. വടകരയിൽ എൽജെഡിയും നാദാപുരത്ത് സി.പി.ഐയുമാണ് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം കുറ്റ്യാടി ടൗണിൽ സിപിഎം പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
മണ്ഡലം കേരള കോൺഗ്രസിന് നൽകിയതിനെതിരെയും ജനകീയനായ സി.പി.എം നേതാവും ഏരിയ കമ്മിറ്റി അംഗവുമായ കെ.പി. കുഞ്ഞമ്മദ് കുട്ടിക്ക് സ്ഥാനാർഥിത്വം നിഷേധിച്ചതിനെതിരെയുമാണ് പ്രതിഷേധം അരങ്ങേറിയത്. ജില്ലാ നേതൃത്വത്തിനെതിരെയും രൂക്ഷ വിമർശനമാണ് പ്രവർത്തകർ ഉയർത്തുന്നത്.