ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുന്ന തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെ-ബിജെപി സഖ്യം വിട്ട നടൻ വിജയകാന്തും പാർട്ടിയും കമൽഹാസൻ നേതൃത്വം നൽകുന്ന മൂന്നാം മുന്നണിയിലേക്ക്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് എൻഡിഎ മുന്നണി വിട്ടതെന്ന് വിജയകാന്ത് വാർത്താകുറിപ്പിലൂടെ അറിയിച്ചിരുന്നു. 41 സീറ്റാണ് ഡിഎംഡികെ ആവശ്യപ്പെട്ടത്. എന്നാൽ 15 സീറ്റ് നൽകാമെന്ന നിലപാടിലായിരുന്നു അണ്ണാ ഡിഎംകെ.
ചർച്ചയ്ക്കൊടുവിൽ 23 സീറ്റിൽ ഡിഎംഡികെ ഉറച്ചു നിന്നതോടെയാണ് പ്രതിസന്ധിയായത്. തുടർന്ന് സഖ്യം ഉപേക്ഷിക്കുകയാണെന്ന് വിജയകാന്ത് അറിയിച്ചു. വിജയകാന്ത് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിശ്രമജീവിതത്തിലേക്ക് കടന്നു. അതിനാൽ പാർട്ടിയുടെ ശക്തി ക്ഷയിച്ചെന്നും പതിനഞ്ച് സീറ്റ് മാത്രമേ നൽകാൻ സാധിക്കുള്ളുവെന്നും എഐഎഡിഎംകെ നിലപാടെടുക്കുകയായിരുന്നു.
അതേസമയം വിജയകാന്ത് ശരത് കുമാറും കമൽഹാസനുമായി ചർച്ച നടത്തി.സഖ്യകാര്യത്തിൽ ബുധനാഴ്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് കമൽഹാസൻ വ്യക്തമാക്കി.