വാഷിങ്ടൺ: വൈറ്റ് ഹൗസിലെ സുരക്ഷാജീവനക്കാരനെ കടിച്ചതിനു പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വളർത്തുനായ്ക്കളെ വൈറ്റ് ഹൗസിൽനിന്ന് തിരിച്ചയച്ചു. മേജർ എന്നും ചാമ്പ് എന്നും പേരുകളുള്ള ജർമൻ ഷെപ്പേഡ് ഇനത്തിൽപ്പെട്ട രണ്ട് നായ്ക്കളെയാണ് പ്രസിഡന്റ് പദത്തിലെത്തിയതിനു പിന്നാലെ ബൈഡൻ വൈറ്റ് ഹൗസിലേക്ക് കൊണ്ടുവന്നത്. ഇതിൽ മേജർ എന്നു പേരുള്ള നായാണ് വൈറ്റ് ഹൗസിലെ സുരക്ഷാജീവനക്കാരനെ കടിച്ചത്.ഇതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞയാഴ്ചയാണ് ഡെലവറിലെ വിൽമിങ്ടണിലുള്ള ബൈഡന്റെ കുടുംബവീട്ടിലേക്ക് നായ്ക്കളെ തിരിച്ചയച്ചതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഡെലവർ അനിമൽ ഷെൽട്ടറിൽനിന്ന് 2018 നവംബറിലാണ് മേജറിനെ ബൈഡൻ ദത്തെടുത്തത്. മേജർ കടിച്ച സുരക്ഷാജീവനക്കാരന്റെ ആരോഗ്യസ്ഥിതി എന്താണെന്ന കാര്യം വ്യക്തമല്ല.
രണ്ടുനായ്ക്കളിൽ ഇളയവനായ മേജറിന്റെ പ്രായം മൂന്നുവയസ്സാണ്. 13 വയസ്സാണ് ചാമ്പിന്റെ പ്രായം. മുൻപും മേജർ അക്രമസ്വഭാവം കാണിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വൈറ്റ് ഹൗസിലെ ജോലിക്കാർക്കു നേരെയും സുരക്ഷാജീവനക്കാർക്കു നേരെയും കുരയ്ക്കുകയും ചാടുകയും മറ്റും ചെയ്തിരുന്നു.