കൊച്ചി: ഐ ഫോണ്‍ വിവാദത്തില്‍പ്പെട്ട കോടിയേരി ബാലകൃഷ്ണൻ്റെ ഭാര്യ വിനോദിനി കസ്റ്റംസിനു മുന്നില്‍ ഹാജരാകുമോയെന്നതില്‍ അവ്യക്തത. നാളെ രാവിലെ ഹാജരാകാനാണ് നോട്ടീസ് അയച്ചിട്ടുള്ളത്. എന്നാൽ ഇവര്‍ എത്താനുള്ള സാധ്യതകുറവാണെന്നാണ് സൂചന. വിനോദിനി ബാലകൃഷ്ണന്‍ നാളെ ഹാജരായില്ലെങ്കില്‍ മറ്റൊരു ദിവസം നോട്ടീസ് നല്‍കി വിളിപ്പിക്കും.
അതേസമയം, ഫോണ്‍ ഉപയോഗിച്ചത് ബിനീഷ് കോടിയേരിയാണോയെന്നും കസ്റ്റംസ് സംശയിക്കുന്നുണ്ട്. ഇക്കാര്യവും ചോദ്യംചെയ്യലില്‍ ഉള്‍പ്പെടുത്തിയേക്കും. നിരവധി കോളുകള്‍ ഈ ഫോണില്‍ നിന്ന് പോയിട്ടുണ്ട്. എന്നാല്‍, സ്വപ്ന അറസ്റ്റിലായതോടെ ഫോണ്‍ നിശ്ചലമാകുകയും ചെയ്തു.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പന്‍ സ്വപ്നയ്ക്കു സമ്മാനിച്ചതാണ് ഐ ഫോണ്‍. ആറ് ഐ ഫോണുകളിലൊന്നാണ് വിനോദിനി ഉപയോഗിച്ചിരുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരുന്നത്. മറ്റ് അഞ്ച് ഐ ഫോണുകളും കസ്റ്റംസ് വീണ്ടെടുത്തിരുന്നു. ഫോണ്‍ എങ്ങനെ വിനോദിനിക്ക് ലഭിച്ചുവെന്നതറിയുകയാണു പ്രധാനം.
എന്നാല്‍, താന്‍ സ്വപ്നയ്ക്കാണ് ഫോണ്‍ നല്‍കിയതെന്നും വിനോദിനിയെ അറിയില്ലെന്നും ലൈഫ് മിഷന്‍ പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കിയ യൂണിടാക്ക് എം.ഡി. സന്തോഷ് ഈപ്പനും വ്യക്തമാക്കിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫ്‌ളാറ്റ് നിര്‍മാണത്തിന് കരാര്‍ ലഭിച്ചതിനു പകരമായി കോടികള്‍ കൈക്കൂലിയായി നല്‍കിയിരുന്നു. അതിനു പുറമേ സ്വപ്ന ആവശ്യപ്പെട്ട പ്രകാരമാണ് ഫോണുകള്‍ സമ്മാനിച്ചതെന്ന് സന്തോഷ് ഈപ്പനും വ്യക്തമാക്കിയിരുന്നു.