പാലക്കാട്: കൊറോണ വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ കേരളത്തിൽനിന്നും ഉൾപ്പടെയുളള വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് മേൽ നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്. കേരള അതിർത്തിയായ വാളയാറിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കുന്നതിന് ഇനിമുതൽ ഇ പാസും കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണമെന്നാണ് തീരുമാനം. ഇക്കാര്യം കോയമ്പത്തൂർ ജില്ലാ കളക്‌ടർ പാലക്കാട് കളക്‌ടറെ അറിയിച്ചു.
സംസ്ഥാനത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്നതോടെ വിദേശത്ത് നിന്നും വരുന്നവർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്കും ഇ പാസ് നിർബന്ധമാക്കിയിരിക്കുകയാണ്. എന്നാൽ കർണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നും വന്നവർക്ക് നിയന്ത്രണം ബാധകമല്ല. മാർച്ച് 4നാണ് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങിയത്.
കഴിഞ്ഞ വർഷം തീവ്ര കൊറോണ വ്യാപനമുണ്ടായപ്പോൾ ജില്ലകൾ തോറുമുളള യാത്രയ്‌ക്കും, സംസ്ഥാനങ്ങൾ കടന്നുളള യാത്രയ്‌ക്കും തമിഴ്നാട് ഇ പാസ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്നലെ 567 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിനെ തുടർന്നാണ് സർക്കാർ നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.