പേടിഎം സ്കാനർ വഴി തട്ടിപ്പ്; പൊലീസ് ജാഗ്രത നിർദേശം അറിയിച്ചു

ഗൂഡല്ലൂർ: പേടിഎം സ്കാനർ വഴി തട്ടിപ്പ്. ബന്ധപ്പെട്ട സ്ഥാപനത്തിൻ്റെയോ ഉപഭോക്താവിൻ്റെയോ സ്കാനറിൽ മറ്റൊരു അക്കൗണ്ടിലെ സ്കാനർ തിരിച്ചറിയാത്ത വിധത്തിൽ ഒട്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഗൂഡല്ലൂർ നഗരത്തിലാണ് ഇത്തരമൊരു സംഭവം ഉണ്ടായത്. ഇതേ തുടർന്ന് പൊലീസ് ജാഗ്രത നിർദേശം അറിയിച്ചു.

പേടിഎം, ഗൂഗിൾ പേ, ഫോൺപേ വഴി പണം കൈമാറുമ്പോൾ ഉപഭോക്താക്കളും വ്യാപാരികളും ജാഗ്രത പുലർത്തണമെന്ന് പൊലീസ് മുന്നറിയിപ്പ്. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രി മറ്റു ഇടപാടുകൾക്കെല്ലാം ഇപ്പോൾ മൊബൈൽ ആപ്പ് വഴി പണം കൈമാറ്റം ചെയ്യപ്പെടാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം വളരെ സൗകര്യപ്രദവുമാണ്. എന്നാൽ, നൂതന രീതിയിൽ തട്ടിപ്പ് അരങ്ങേറിയത് കണ്ടെത്തിയതോടെയാണ് ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുന്നത്. എ.ടി.എം കാർഡ് നഷ്ടപ്പെട്ടവരുടെ മൊബൈലിലേക്ക് വരുന്ന ഒ.ടി.പി നമ്പർ ആവശ്യപ്പെട്ടും ഓൺലൈൻ വഴി വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചുള്ള തട്ടിപ്പുമാണ് നേരത്തെ നടന്നിരുന്നത്.