കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളിൽ ഒരാൾ കൂടി ബിജെപിയിലേക്ക്. തൃണമൂൽ കോൺഗ്രസ് നേതാവും നാല് തവണ എംഎൽഎയായിരുന്ന സോണാലി ഗുഹയാണ് ബിജെപിയിൽ അംഗമാകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതാണ് സോണാലി തൃണമൂലുമായി പിണങ്ങാൻ കാരണമായത് എന്നാണ് വൃത്തങ്ങൾ പറയുന്നത്.
അതേസമയം, തന്നെ ബിജെപിയിലേക്ക് പാർട്ടി ദേശീയ വൈസ് പ്രസിഡൻറ് മുകുൾ റോയി ക്ഷണിച്ചതായി സോണാലി പറഞ്ഞു. കൊൽക്കത്ത ഹേസ്റ്റിംഗ്സിലെ ബിജെപി ആസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് പാർട്ടി അംഗത്വം സ്വീകരിക്കുമെന്നും സോണാലി അറിയിച്ചു.
തൻ്റെ ജീവിതത്തിൽ ഇത്തരമൊരു ദിവസം വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും എന്നാൽ തീരുമാനമെടുക്കാൻ താൻ നിർബന്ധിതയായെന്നും ബംഗാൾ നിയമസഭ മുൻ ഡെപ്യൂട്ടി സ്പീക്കർ കൂടിയായ സോണാലി കൂട്ടിച്ചേർത്തു.