അശ്ലീല വിഡിയോകൾ പുറത്താകാതിരിക്കാൻ കോടതിയെ സമീപിച്ച് ആറു മന്ത്രിമാർ; എന്തിനെ ഭയപ്പെടുന്നുവെന്ന് ജനങ്ങൾ

ബെംഗളൂരു: അശ്ലീല വിഡിയോകളും ഇതു സംബന്ധിച്ച വാർത്തകളും പുറത്തുവരാതിരിക്കാൻ കോടതിയെ ഉപയോഗിച്ചു മാധ്യമങ്ങൾക്കു തടയിട്ട ആറു മന്ത്രിമാരുടെ നടപടി ബിജെപി നേതൃത്വത്തെ വെട്ടിലാക്കുന്നു. യുവതിയുമായുള്ള ലൈംഗിക വിഡിയോ പുറത്തുവന്നതിനെ തുടർന്നു കഴിഞ്ഞ മൂന്നിന് മന്ത്രിസ്ഥാനം രാജിവച്ച രമേഷ് ജാർക്കിഹോളിക്കു പുറമെയാണ് മന്ത്രിമാർ കോടതിയെ സമീപിച്ചത്.

മന്ത്രിമാരായ ശിവറാം ഹെബ്ബാർ, ബി സി പാട്ടീൽ, എച്ച് ടി സോമശേഖർ, ഡോ കെ സുധാകർ, കെ.സി. നാരായണ ഗൗഡ, ബൈരതി ബസവരാജ് എന്നിവരാണ് ബെംഗളൂരു സിറ്റി സിവിൽ കോടതിയെ സമീപിച്ച് 68 മാധ്യമങ്ങളെ താൽക്കാലികമായി വിലക്കിയിരിക്കുന്നത്. എന്നാൽ ഈ മന്ത്രിമാർ എന്തിനെയാണു ഭയപ്പെടുന്നതെന്ന ചോദ്യം പ്രസക്തമാണ്.

ജനങ്ങളുടെ ഇതേ ചോദ്യം രഹസ്യമായി ഏറ്റെടുത്ത ബിജെപി കേന്ദ്ര നേതൃത്വം ഇതു സംബന്ധിച്ച് സംസ്ഥാന ഘടകത്തോടു വിശദീകരണം ചോദിച്ചതായാണു സൂചന. മുഖ്യമന്ത്രി യെഡിയൂരപ്പയുമായി ചർച്ച ചെയ്ത ശേഷമാണോ മന്ത്രിമാരുടെ നടപടിയെന്നാണു നേതൃത്വത്തിന് അറിയേണ്ടത്.

മാധ്യമങ്ങളെ തടയാൻ മന്ത്രിമാർ കോടതിയെ സമീപിച്ച നടപടി കൂടുതൽ സംശയങ്ങൾക്കും അപവാദങ്ങൾക്കും ഇടവരുത്തുമെന്ന വിമർശനം കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ പരസ്യമായി പങ്കുവച്ചു. അത്തരം ഭീതിയുണ്ടെങ്കിൽ വ്യക്തിപരമായി അതിനെ നേരിടുന്നതിനു പകരം കൂട്ടമായി കോടതിയെ സമീപിച്ച നടപടിയാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയത്.