ന്യൂഡെൽഹി: ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിനൊപ്പമായിരുന്നെങ്കിൽ മുഖ്യമന്ത്രിയാകാൻ കഴിയുമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോൺഗ്രസ് സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് പാർട്ടിയുടെ യൂത്ത് വിങ്ങിനോട് സംസാരിക്കുകയായിരുന്നു രാഹുൽ.സിന്ധ്യ ബിജെപിയിൽ ഒരു ബാക്ക് ബെഞ്ചറായി മാറിയെന്നും അദ്ദേഹം പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
” എഴുതി വച്ചോളൂ, അദ്ദേഹം ഒരിക്കലും അവിടെ(ബിജെപിയിൽ) മുഖ്യമന്ത്രിയാകില്ല. അതിനായി അദ്ദേഹം ഇവിടെ(കോൺഗ്രസിൽ) തിരിച്ചെത്തേണ്ടിവരും.” -എന്ന് രാഹുൽ പറഞ്ഞതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
”കോൺഗ്രസിനൊപ്പം തുടർന്നിരുന്നെങ്കിൽ അദ്ദേഹം (സിന്ധ്യ) മുഖ്യമന്ത്രിയാവുമായിരുന്നു. പക്ഷെ ബിജെപിയിൽ അദ്ദേഹം ഒരു ബാക്ക് ബെഞ്ചറായി മാറി. കോൺഗ്രസ് പ്രവർത്തകർക്കൊപ്പം പ്രവർത്തിച്ച് സംഘടനയെ ശക്തിപ്പെടുത്താൻ സിന്ധ്യക്ക് അവസരമുണ്ടായിരുന്നു.
ഞാൻ അദ്ദേഹത്തോട് പറഞ്ഞു – ഒരു ദിവസം നിങ്ങൾ മുഖ്യമന്ത്രിയാകുമെന്ന്. പക്ഷേ അദ്ദേഹം മറ്റൊരു വഴി തിരഞ്ഞെടുത്തു.” -രാഹുൽ പറഞ്ഞു.ആർഎസ് എസ് പ്രത്യയശാസ്ത്രത്തിനെതിരെ പോരാടാൻ യുവാക്കളോട് ആഹ്വാനം ചെയ്ത രാഹുൽ ആരേയും ഭയക്കേണ്ടതില്ലെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം മാർച്ചിലാണ് ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്.