അധ്യാപകൻ വഴക്കുപറഞ്ഞു; പ്രതികാരമായി പ്ലസ്ടു വിദ്യാർഥി അധ്യാപകന് നേരേ വെടിയുതിർത്തു

ന്യൂഡെൽഹി: വഴക്ക് പറഞ്ഞതിനും ക്ലാസിൽനിന്ന് പുറത്താക്കിയതിനും പ്ലസ്ടു വിദ്യാർഥി അധ്യാപകന് നേരേ വെടിയുതിർത്തു. ഗാസിയബാദിലെ സ്വകാര്യ സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് സ്‌കൂളിലെ കൊമേഴ്‌സ് അധ്യാപകനായ സച്ചിൻ ത്യാഗിക്ക് നേരേയാണ് വിദ്യാർഥി വെടിയുതിർത്ത് പ്രതികാരം തീർത്തത്. അധ്യാപകന്റെ പരാതിയിൽ കേസെടുത്തതായും അധ്യാപകന് പരിക്കേറ്റിട്ടില്ലെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച ഉച്ചയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് പ്ലസ്ടു വിദ്യാർഥി അധ്യാപകന് നേരേ വെടിയുതിർത്തത്. ക്ലാസിനിടെ മറ്റുള്ളവരോട് മോശമായി പെരുമാറിയതിന് വിദ്യാർഥിയെ അധ്യാപകൻ വഴക്കുപറഞ്ഞിരുന്നു. പിന്നാലെ ക്ലാസിൽനിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്ന് ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് അധ്യാപകൻ ബൈക്കിൽ സ്‌കൂളിൽനിന്ന് മടങ്ങുന്നതിനിടെയാണ് വിദ്യാർഥി വെടിയുതിർത്തത്.

സ്‌കൂട്ടറിലെത്തിയ വിദ്യാർഥിയും രണ്ട് സുഹൃത്തുക്കളും ആദ്യം അധ്യാപകന്റെ ബൈക്ക് തടഞ്ഞുനിർത്തി. പിന്നാലെ കൈയിലുണ്ടായിരുന്ന തോക്കിൽനിന്ന് അധ്യാപകന് നേരേ വെടിയുതിർക്കുകയായിരുന്നു. വെടിവെച്ചയുടൻ തന്നെ മൂവർ സംഘം ഓടിരക്ഷപ്പെടുകയും ചെയ്തു.

സംഭവത്തിന് ശേഷം അധ്യാപകൻ തന്നെയാണ് ബൈക്കോടിച്ച് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകിയത്. വെടിയേറ്റ് തന്റെ കൈയിൽ പരിക്കേറ്റെന്നും അധ്യാപകൻ അവകാശപ്പെട്ടിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അധ്യാപകന് വെടിയേറ്റിട്ടില്ലെന്നും അദ്ദേഹത്തിന്റെ വസ്ത്രത്തിൽപോലും വെടിയുണ്ട തറച്ചിട്ടില്ലെന്നും പോലീസ് കണ്ടെത്തി.

അധ്യാപകൻ കൈയിൽ സ്വയം മുറിവുണ്ടാക്കിയതാകുമെന്നും പോലീസ് പറഞ്ഞു. അതേസമയം, സംഭവത്തിൽ വിദ്യാർഥിക്കും സുഹൃത്തുക്കൾക്കും എതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവർ ഉപേക്ഷിച്ച സ്‌കൂട്ടറും പോലീസ് പിടിച്ചെടുത്തു.