തിരുവനന്തപുരം: പശ്ചിമബംഗാളിൽ പാർട്ടിക്ക് സംഭവിച്ചത് എല്ലാവരും പാഠമാക്കണമെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണൻ. അവിടെ ഭരിച്ച 30 ഓളം വർഷവും സർക്കാറിൽ മന്ത്രിയായിരുന്നവരാണ് മത്സരിച്ചത്. താനല്ലാതെ മറ്റാര് മത്സരിച്ചാലും ജയിക്കില്ലെന്ന് പറഞ്ഞ് അവർ തന്നെ മത്സരിച്ചുകൊണ്ടിരുന്നു. ഒടുവിൽ ജനങ്ങൾ അവരെ ചുമന്ന് മാറ്റിയെന്ന് ഓർക്കണം. സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റിയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
എൽഡിഎഫിന് തുടർ ഭരണം ഉണ്ടാവുമ്പോൾ ആര് മന്ത്രിയാവുമെന്ന് ചോദിച്ചാൽ പുതിയ ആളുകൾ വേണ്ടേ. ആറ്റിങ്ങൽ ലോകസഭ മണ്ഡലത്തിലേക്ക് ആദ്യതവണ എ. സമ്പത്തിൻ്റെ സംസ്ഥാന സമിതി നിർദേശിച്ചപ്പോൾ ജില്ല കമ്മിറ്റിയിൽ മൂന്നുപേർ മാത്രമല്ലേ പിന്തുണച്ചത്. ജി. സുധാകരനും ടി.എം. തോമസ് ഐസക്കും നല്ല മന്ത്രിമാരാണ്. സ്പീക്കർ ശ്രീരാമകൃഷ്ണനും നല്ല പ്രവർത്തനമാണ് നടത്തിയത്. പക്ഷേ, അവരുടെ അനുഭവം മാത്രം പോരല്ലോ. തുടർച്ചയായി മത്സരിക്കുന്ന പ്രവണത എവിടെയെങ്കിലും വെച്ച് നിർത്തണ്ടേ’ -അദ്ദേഹം ചോദിച്ചു.
ജില്ല സെക്രട്ടറിയറ്റുകളോട് സാധ്യത സ്ഥാനാർഥി പട്ടിക തരാൻ മാത്രമാണ് നിർദേശിച്ചത്. സാധ്യത പട്ടിക സ്ഥാനാർഥി പട്ടികയല്ലെന്നും അദ്ദേഹംപറഞ്ഞു. സാധ്യത പട്ടിക സ്ഥാനാർഥിത്വത്തിലുള്ള തീരുമാനമല്ല. സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക സംസ്ഥാന സമിതിയാണ്. പി.ബിയുടെ അംഗീകാരത്തോടെ മാത്രമാണ് സ്ഥാനാർഥി പട്ടിക പുറത്തിറക്കുന്നത്.
ജില്ല കമ്മിറ്റികൾ കീഴ്ഘടകങ്ങളോട് അഭിപ്രായം ചോദിക്കുന്നത് പോലെയാണ് സംസ്ഥാന സമിതി ജില്ല സെക്രട്ടറിയറ്റിനോട് സാധ്യതപട്ടിക ചോദിക്കുന്നത്. ആ പട്ടികയിൽ മുമ്പും സംസ്ഥാന സമിതി മാറ്റംവരുത്താറുണ്ട്. സംസ്ഥാന സമിതിയുടെ തീരുമാനം പോലും പി.ബി തിരുത്തിയ മുൻകാല ചരിത്രം സി.പി.എമ്മിലുണ്ട്.
ഒറ്റപ്പാലത്ത് ഒന്നരലക്ഷം വോട്ടിന് വിജയിച്ച എസ്. ശിവരാമൻ്റെ പേരാണ് അടുത്ത തെരഞ്ഞെടുപ്പിൽ സംസ്ഥാന സമിതി നിർദേശിച്ചത്. എന്നാൽ അയാളുടെ പാർലമെൻറിലെ മോശം പ്രവർത്തനം കണക്കിലെടുത്ത് പട്ടികയിൽനിന്ന് പി.ബി പേര് ഒഴിവാക്കിയെന്നും കോടിയേരി സൂചിപ്പിച്ചു.