തിരുവനന്തപുരം: തീയേറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കുന്ന കാര്യത്തിൽ സർക്കാർ ഉത്തരവ് ഇന്ന് ഇറങ്ങിയേക്കും. കൊറോണയെ തുടർന്ന് അടച്ചിട്ട തീയേറ്ററുകൾ തുറന്നപ്പോൾ ഏർപ്പെടുത്തിയ പ്രദർശന സമയ നിയന്ത്രണം നീക്കാൻ കൊറോണ കോർ കമ്മിറ്റി സർക്കാരിന് ശുപാർശ നൽകി. പകൽ 12 മുതൽ രാത്രി 12 വരെയായിരിക്കും സിനിമാ പ്രദർശനത്തിന് അനുമതി നൽകുക. നിലവിൽ രാവിലെ ഒൻപത് മുതൽ രാത്രി 9 വരെയാണ് പ്രദർശനം.
കഴിഞ്ഞ മാസങ്ങളിൽ പുറത്തിറങ്ങിയ സിനിമകൾക്ക് സെക്കൻഡ് ഷോ ഇല്ലാതിരുന്നതിനാൽ കാര്യമായ വരുമാനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ സഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് സിനിമാ വ്യവസായം നേരിടുന്നത്.
ഏകദേശം 30ഓളം മലയാളം സിനിമയുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. തീയേറ്റർ വരുമാനത്തിന്റെ പകുതിയിലേറെയും സെക്കൻഡ് ഷോയിൽ നിന്നാണെന്നും അതിന് അനുമതി നിഷേധിക്കുന്നത് ശാസ്ത്രീയമല്ലെന്നും ഫിലിം ചേംബർ ഉൾപ്പെടെയുള്ള സിനിമാ സംഘടനകൾ സർക്കാരിനെ അറിയിച്ചിരുന്നു.
സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നതായും അതുവരെ പുതിയ മലയാള സിനിമകൾ പ്രദർശനത്തിന് എത്തില്ലെന്നുമായിരുന്നു സംഘടനകളുടെ നിലപാട്. പുതിയ ചിത്രങ്ങളില്ലാത്തതിനാൽ സംസ്ഥാനത്തെ 50 ശതമാനത്തിലേറെ തീയേറ്ററുകളും അടച്ചിട്ടിരിക്കുകയാണ്.
സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ പല പ്രധാന മലയാള സിനിമകളുടെ റിലീസും നീട്ടിവച്ചിരുക്കുകയാണ്. തീയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രവേശനം അനുവദിച്ച് ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ ഉത്തരവിറക്കിയെങ്കിലും കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അത് നടപ്പിലാക്കിയിരുന്നില്ല.