ലോകസംഗീതത്തിന്റെ മലയാളി സാനിദ്ധ്യം; വിജയഭാസ്കർ മേനോൻ അന്തരിച്ചു

കാലിഫോർണിയ: ലോകസംഗീതത്തെ മാറ്റിമറിച്ച ഇഎംഐ മ്യൂസിക് വേൾഡ് വൈഡിന്റെ പ്രഥമ ചെയർമാനായിരുന്ന വിജയഭാസ്കർ മേനോൻ ‍(86) അന്തരിച്ചു. കാലിഫോർണിയ ബെവെർലി ഹിൽസിലെ വസതിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം.

ലോകപ്രശസ്ത ഇംഗ്ലീഷ് മ്യൂസിക് ബാൻഡായ പിങ്ക് ഫ്ലോയ്ഡിനെ ‘ദ ഡാർക്ക് സൈഡ് ഓഫ് ദ മൂൺ’ 1973-ൽ അമേരിക്കൻ ആസ്വാദകർക്കുമുമ്പിൽ അവതരിപ്പിക്കാനായതാണ് ഭാസ്കർ മേനോൻ ലോകസംഗീതത്തിനു നൽകിയ വിലപ്പെട്ട സംഭാവനകളിലൊന്ന്.

ബീറ്റിൽസ്, റോളിങ് സ്റ്റോൺ, ക്വീൻ, ഡേവിഡ് ബൗവീ, ടീനാ ടർണർ, ആൻ മ്യുറെ, ഡ്യുറാൻ ഡ്യുറാൻ, കെന്നി റോജേഴ്‌സ് തുടങ്ങിയ പാശ്ചാത്യ സംഗീതലോകം അടക്കിവാണ അതിപ്രശസ്ത സംഗീതജ്ഞരുമൊത്തും ബാൻഡുകളുമൊത്തും തന്റെ മൂന്നുപതിറ്റാണ്ടുകാലത്തെ സംഗീതജീവിതത്തിൽ ഭാസ്കർ പ്രവർത്തിച്ചു.

1934-ൽ തിരുവനന്തപുരത്ത് ജനിച്ച അദ്ദേഹം, ഗ്രാമഫോൺ കമ്പനി ഓഫ് ഇന്ത്യ(എച്ച്.എം.വി.)യിലൂടെയാണ് സംഗീതവ്യവസായ രംഗത്തെത്തുന്നത്. 1971-ൽ ലോസ്‌ ആഞ്ജലിസിലെത്തിയ അദ്ദേഹം 1978-ലാണ് ഇ.എം.ഐ. ചെയർമാനാകുന്നത്. സംഗീതലോകത്തെ സംഭാവനകൾക്കുള്ള അംഗീകാരമായി ഐ.എഫ്.പി.ഐ. ‘മെഡൽ ഓഫ് ഓണർ’ നൽകി ആദരിച്ചു. 1971-1990 വരെ അമേരിക്കൻ റെക്കോഡിങ് ഇൻഡസ്ട്രി അസോസിയേഷൻ (ആർ.ഐ.എ.എ.) ഡയറക്ടറുമായിരുന്നു.