രാഷ്ട്രീയത്തിൽ കുടുംബാധിപത്യം അവസാനിപ്പിക്കണം; പാലക്കാട് മന്ത്രി എ കെ ബാലനെതിരെ വ്യാപക പോസ്റ്ററുകള്‍

പാലക്കാട്: ജില്ലയില്‍ സിപിഎമ്മിൽ അസ്വാരസ്യം പടരവെ മന്ത്രി എ കെ ബാലനെതിരെ വ്യാപക പോസ്റ്ററുകള്‍. എ കെ ബാലൻ്റെ പേരെടുത്ത് പരാമർശിക്കാതെയാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിൽ കുടുംബാധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് സമീപം, പ്രസ് ക്ലബ് എന്നിവിടങ്ങളിലുള്ള പോസ്റ്ററുകള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. എ കെ ബാലൻ്റെ വീടിന് സമീപവും പോസ്റ്റർ പതിച്ചിരുന്നു. പാർട്ടി അധികാരം വെച്ച് മണ്ഡലത്തെ കുടുംബ സ്വത്ത് ആക്കിയാൽ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകാർ എതിർക്കുമന്നാണ് പോസ്റ്ററിൽ പറയുന്നത്.

സേവ് കമ്മ്യൂണിസം എന്ന പേരിലാണ് പോസ്റ്റർ. തരൂരിൽ ഡോ. ജമീല സ്ഥാനാർത്ഥിയാവുന്നതിനെതിരെ പ്രവർത്തകർക്കിടയിൽ അമർഷം ഉണ്ടായിരുന്നു. ഇന്നുച്ചയ്ക്ക് ജില്ലാ സെക്രട്ടറിയേറ്റ് ചേരാനിരിക്കെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെടുന്നത്.

2001 മുതല്‍ എകെ ബാലന്‍ മത്സരിച്ചു ജയിച്ചുവന്ന തരൂർ മണ്ഡലത്തിൽ കുടുംബ പാരമ്പര്യത്തിന്‍റെ പേരില്‍ മാത്രമാണ് ജമീലയ്ക്ക് സീറ്റ് നൽകുന്നത്. പട്ടികജാതി ക്ഷേമ സമിതിയുടെ ജില്ലാ ഭാരവാഹിയായ പൊന്നുകുട്ടനെയോ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ കെ.ശാന്തകുമാരിയെയോ പരിഗണിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്.

ഷൊർണൂരിൽ പികെ ശശിക്ക് പകരം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനെ പരിഗണിച്ചെങ്കിലും മാറ്റി. പി. മമ്മിക്കുട്ടിയുടെ പേരാണ് ഇപ്പോഴുള്ളത്. ഒറ്റപ്പാലത്ത് പി.ഉണ്ണിയുടെ രണ്ടാമത്തെ മൽസരം തടഞ്ഞ് ഡിവൈഎഫ്ഐ നേതാവ് പ്രേംകുമാറിനെ പരിഗണിക്കുന്നതാണ് മറ്റൊരു വിയോജിപ്പ്.

കോങ്ങാട് ഡിവൈഎഫ്ഐ നേതാവ് പിപി സുമോദിനെ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരെയും വിമർശനമുണ്ട്. സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ സ്ഥാനാർഥി പട്ടിക, റിപ്പോർട്ട് ചെയ്യാൻ ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മറ്റി യോഗങ്ങളിൽ അംഗങ്ങൾ എതിർപ്പുന്നയിച്ചേക്കും.