തിരുവനന്തപുരം: സികെ ജാനു വീണ്ടും എൻഡിഎയ്‌ക്കൊപ്പം. ശംഖുമുഖത്ത് നടക്കുന്ന ബിജെപിയുടെ വിജയ് യാത്രയുടെ സമാപന ചടങ്ങിലാണ് സികെ ജാനു തീരുമാനം പ്രഖ്യാപിച്ചത്.2018 ഒക്ടോബറിലാണ് സി.കെ. ജാനു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എൻഡിഎ വിട്ടത്. കടുത്ത അവഗണനയിൽ പ്രതിഷേധിച്ചാണ് ബിജെപി സഖ്യം വിട്ടതെന്ന് സി.കെ. ജാനു നേരത്തെ തുറന്നടിച്ചിരുന്നു. ഇപ്പോഴും സികെ ജാനു അതേ ആരോപണം തന്നെയാണ് ഉന്നയിക്കുന്നത്.
മുന്നണി മര്യാദകൾ പാലിക്കുമെന്ന എൻഡിഎ നേതാക്കളുടെ ഉറപ്പിനെ തുടർന്നാണ് തിരിച്ചുവരവെന്ന് സികെ ജാനു പറഞ്ഞു. ഇടതു വലതു മുന്നണികൾ രാഷ്ട്രീയ പരിഗണന നൽകാത്തതും എൻഡിഎ പ്രവേശന പ്രവേശനത്തിന് കാരണമെന്ന് സി.കെ ജാനു പ്രതികരിച്ചു.
ഗോത്ര മഹാസഭ അധ്യക്ഷയായിരുന്ന ജാനു 2016ൽ സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്നു. 27,920 വോട്ടുകൾ നേടിയിരുന്നു. 2004ൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചപ്പോൾ ജാനുവിന് 11,628 വോട്ടും ലഭിച്ചിരുന്നു. തിരുനെല്ലി പനവല്ലി മിച്ചഭൂമി കോളനിയിലാണ് ജാനു താമസിക്കുന്നത്.