പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിന് മൂന്നാഴ്ച ശേഷിക്കേ തൃണമൂൽ നേതാവ് ദിനേഷ് ത്രിവേദി ബിജെപിയിൽ ചേർന്നു

ന്യൂഡെൽഹി: മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ ദിനേഷ് ത്രിവേദി ബിജെപിയിൽ ചേർന്നു. പശ്ചിമബംഗാൾ തിരഞ്ഞെടുപ്പ് നടക്കാൻ മൂന്നാഴ്ചകൾ മാത്രം ശേഷിക്കേയാണ് ദിനേഷ് ത്രിവേദി പാർട്ടി വിട്ടത്.

താൻ കാത്തിരുന്ന സുവർണ നിമിഷമാണിതെന്ന് ബിജെപിയിൽ ചേർന്നതിന് ശേഷം ദിനേഷ് ത്രിവേദി പറഞ്ഞു. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരുട സാന്നിധ്യത്തിൽ ഡെൽഹിയിലെ ബിജെപി ആസ്ഥാനത്ത് വെച്ചാണ് ത്രിവേദി ബിജെപി അംഗത്വം സ്വീകരിച്ചത്. ത്രിവേദി തെറ്റായ പാർട്ടിയിലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ശരിയായ പാർട്ടിയിലെത്തിയെന്നും ത്രിവേദിയെ സ്വാഗതം ചെയ്തുകൊണ്ട് നഡ്ഡ പറഞ്ഞു.

ഫെബ്രുവരി 12-ന് ത്രിവേദി രാജ്യസഭാംഗത്വവും തൃണമൂൽ അംഗത്വവും രാജിവെച്ചിരുന്നു. പശ്ചിമബംഗാളിൽ നടക്കുന്ന അക്രമങ്ങളിലും അഴിമതിയിലും ഒന്നും ചെയ്യാൻ സാധിക്കാത്തതിൽ തനിക്ക് മനസ്സുമടുത്തതായി അദ്ദേഹം പറഞ്ഞിരുന്നു. 2019-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് ത്രിവേദിയെ പാർട്ടി രാജ്യസഭയിലെത്തിക്കുന്നത്.

അഴിമതിയുടെയും അക്രമങ്ങളുടെയും മാതൃകയായല്ല പശ്ചിമബംഗാൾ നിൽക്കേണ്ടതെന്നും സംസ്ഥാനത്തിന് നിരവധി കഴിവുകളുണ്ടെന്നും അത് പാഴായി പോകാൻ അനുവദിക്കരുതെന്നും ത്രിവേദി അഭിപ്രായപ്പെട്ടിരുന്നു.

സുവേന്ദു അധികാരി ഉൾപ്പടെ തൃണമൂൽ കോൺഗ്രസിൽ നിന്ന് എംപിമാരും, സംസ്ഥാന മന്ത്രിമാരും, എംഎൽഎമാരും ഉൾപ്പടെ നിരവധിപേരാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെയാണ് പശ്ചിമബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിന് ഫലപ്രഖ്യാപനം ഉണ്ടാകും.